റേഡിയോ ഓഫ് ചെയ്തതിന്റെ പേരില്‍ ചേട്ടന്‍ അനിയനെ തലയ്ക്ക് അടിച്ച് കൊന്നു

തിരുവനന്തപുരം: അരുവിക്കര കാച്ചാണിയില്‍ ചേട്ടന്‍ അനിയനെ കമ്പികൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. റേഡിയോ ഓഫ് ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അതിക്രൂര കൊലപാതകം. ബിസ്മി നിവാസില്‍ ഷമീറാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഹിലാല്‍ കമ്പി കൊണ്ട് ഷമീറിന്റെ തലക്കടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പുതന്നെ മരിച്ചു.

രാത്രിയില്‍ റേഡിയോ ഉച്ചത്തില്‍ വയ്ക്കുന്നതിനെ ചൊല്ലി പതിവായുണ്ടാകുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എല്ലാ ദിവസവും റേഡിയോയില്‍ പാട്ട് വച്ചിട്ടാണ് ഹിലാല്‍ ഉറങ്ങുന്നത്. അയല്‍ക്കാരടക്കം പരാതി പറഞ്ഞതോടെ ഷമീര്‍ റേഡിയോ ഓഫ് ചെയ്യുമായിരുന്നു.

ഇത് വഴക്കിനു കാരണമായിട്ടുണ്ട്. ഞായറാഴ്ചയും ഷമീര്‍ റേഡിയോ ഓഫ് ചെയ്തു. ഷമീര്‍ കിടന്ന് ഉറങ്ങിയ ശേഷം ഹിലാലെത്തി അടിക്കുകയായിരുന്നു. ഹിലാല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. അരുവിക്കര പൊലിസ് അന്വേഷണം തുടങ്ങി.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment