ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി യുവാവ്

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗർഭിണിയായ ജീവിത പങ്കാളിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച കൊറേഗാവ് ഗ്രാമത്തിലാണ് സംഭവം. ഇരുപത്തേഴുകാരനായ യുവാവും ഇരുപത്തിനാലുകാരിയായ യുവതിയും കഴിഞ്ഞ അഞ്ചു മാസത്തോളമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി.

ഗർഭഛിദ്രം നടത്താൻ പണമില്ലാത്തതിനാൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കു കൂടിയിരുന്നതായി രഞ്ജങ്കോൺ പൊലീസ് സ്റ്റേഷനിലെ എസ്ഐ ശുഭാങി ഖട്ടെ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും തമ്മിൽ വീണ്ടും വഴക്കായി. ഇതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം വീടുപൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സ്റ്റേഷനിൽ എത്തിയ ശേഷം പേപ്പറും പേനയും ചോദിച്ച യുവാവ് താൻ വിഷാദരോഗത്തിന് അടിമയാണെന്നും ഗർഭിണിയായ ജീവിതപങ്കാളിയെ കൊലപ്പെടുത്തിയെന്നും എഴുതി നൽകുകയായിരുന്നു. ശിക്ഷയെടുക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ താക്കോൽ പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment