ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിര്‍ണായക നീക്കങ്ങള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കും.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
1929ലെ ശാരദ ആക്ടില്‍ ഭേദഗതി വരുത്തി 1978ലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15ല്‍നിന്ന് 18 ആയി ഉയര്‍ത്തിയത്. ഇതിലും മാറ്റം വരണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സ് ആക്കുമെന്നതിന്റെ സൂചനകള്‍ ഇക്കഴിഞ്ഞ നവംബറിലുണ്ടായിരുന്നു. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനും നീക്കമുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇതിനും സാധുതയില്ലാതാകും.
ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.
Leave a Comment