ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ നയതന്ത്ര പ്രതിനിധികളുമായി ചട്ടവിരുദ്ധമായി നേരിട്ടു ബന്ധപ്പെടുന്ന വിവരം സര്‍ക്കാരിന് അറിഞ്ഞിരുന്നു’ നവംബര്‍ 20ന് വിലക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളുടെ തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളുടെ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും ചട്ടവിരുദ്ധമായി നേരിട്ടു ബന്ധപ്പെടുന്ന വിവരം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നു റിപ്പോര്‍ട്ട്. ഇത്തരം ഇടപെടലുകള്‍ വിലക്കി കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താല്‍പര്യങ്ങള്‍ക്കും നിലവിലുള്ള നയങ്ങള്‍ക്കും വിരുദ്ധമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വകുപ്പ് തലവന്മാരെ ഇത്തരത്തില്‍ നേരിട്ട് ബന്ധപ്പെടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ എംബസികളുമായി ഇടപെടാന്‍ പാടുള്ളു. ഏതെങ്കിലും വിദേശ സര്‍ക്കാരോ സ്ഥാപനമോ ബന്ധപ്പെട്ടാല്‍ ആ വിവരം ബന്ധപ്പെട്ട വകുപ്പ്് സെക്രട്ടറിയെ അറിയിക്കണം. വകുപ്പ് മേധാവിമാര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു വിലയിരുത്തണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എംബസി വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ സി ആപ്റ്റിലെത്തിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

pathram:
Leave a Comment