ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയില്‍ എത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയേക്കും.

ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എന്‍ഫോഴ്സ്മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ ഇവര്‍ക്കൊപ്പം ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

നേരത്തെ, തിരുവനന്തപുരത്തെ വീട്ടിലെത്തി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമുള്ള സമയത്ത് വിളിച്ചു വരുത്തും. ആ സമയത്ത് എത്തണം എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

അതേസമയം തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്നയും സന്ദീപും സരിത്തും 17-ാം തിയതി വരെയാണ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുമ്പ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം

pathram:
Related Post
Leave a Comment