ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാവും. അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളാവും ലഭിക്കുക. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000 ഇ-പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇ-പാസ്‌പോര്‍ട്ടിലൂടെ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിക്കുന്നത് തടയാനാവുമെന്നാണ് അവകാശവാദം. പദ്ധതിക്കായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറില്‍ 10,000 മുതല്‍ 20,000 വരെ വ്യക്തിഗത ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ ഈ ഏജന്‍സിക്ക് സാധിക്കും. ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഏജന്‍സിയെ കണ്ടെത്താന്‍ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു.

എംഇഎ ആസ്ഥാനത്തെ സിപിവി ഡിവിഷനില്‍ നിന്ന് മാത്രമാണ് ഇതുവരെ ഉദ്യോഗസ്ഥര്‍ക്കുള്ള ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തെ 6 പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ഇ-പാസ്‌പോര്‍ട്ട് ലഭിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 10000 പാസ്‌പോര്‍ട്ടുകളും ദിനേന 50000 പാസ്‌പോര്‍ട്ടുകളുമാണ് വിതരണം ചെയ്യുക. പിന്നീട് മണിക്കൂറില്‍ 20000. ദിവസം ഒരു ലക്ഷം എന്ന നിലയില്‍ വിതരണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

pathram:
Leave a Comment