ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; വിശദാംശങ്ങള്‍

കൊല്ലം: ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിപ്പട്ടികയില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണുള്ളത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്.

ഇന്നലെ സമര്‍പ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രത്തിന് ആയിരത്തിലധികം പേജുണ്ട്. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാഞ്ഞത്. പ്രതിയെ അറസ്റ്റു ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ട് ഇവര്‍ക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാല്‍ സുരേഷിന് വധക്കേസില്‍ ജാമ്യം കിട്ടുമെങ്കിലും ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.

അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വച്ചും യുവതിക്ക് പാമ്പുകടിയേറ്റിരുന്നു. ഇതും ദുരൂഹത വര്‍ധിപ്പിച്ചു. അഞ്ചല്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങള്‍ക്കുള്ളില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും ഇയാള്‍ക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു.

pathram:
Related Post
Leave a Comment