സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്തും. രണ്ടു ദിവസത്തിനകം എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ജയിലുകളില്‍ കൂടുതല്‍ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലടക്കം കൊവിഡ് ബാധ രൂക്ഷമായതോടെയാണ് അടിയന്തിര നടപടിക്ക് ജയില്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 59 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയായിരുന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലെയും തടവുകാര്‍ക്കു കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. രണ്ടു ദിവസത്തിനകം എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. കൂടാതെ ജയിലിലെ നിരീക്ഷണ കേന്ദ്രങ്ങളിലടക്കം മാറ്റമുണ്ടാകും. പൂജപ്പുര, കണ്ണൂര്‍, വിയൂര്‍ തുടങ്ങിയ സെന്‍ട്രല്‍ ജയിലുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രം 975 തടവുകാരാണുള്ളത്. ഇവരില്‍ പ്രായമായ ആളുകളുടെ എണ്ണം കൂടുതലാണ്. ജില്ലാ ജയിലിലും, സബ് ജയിലിലും, സ്‌പെഷ്യല്‍ സബ് ജയിലിലും, വനിതാ ജയിലിലും, തുറന്ന ജയിലുകളിലും ജയില്‍ അധികൃതരടക്കം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ജയിലുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന കാര്യങ്ങളിലടക്കം നിയന്ത്രണമുണ്ടാകും. നേരത്തെ കൊല്ലം ജില്ലാ ജയിലിലെ 132 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Leave a Comment