സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് വ്യവസായം പോലെയെന്ന് കസ്റ്റംസ്‌

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സംജു സെയ് ‌ദലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയത്.

കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് ശക്തമായി എതിർത്തു. വ്യവസായം പോലെയാണ് പ്രതികൾ സ്വർണം കടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.

അതിനിടെ, യു.എ.ഇ. കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. കസ്റ്റംസ് അസി. കമ്മീഷണർ എൻ.എസ് ദേവാണ് ഓഗസ്റ്റ് 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് നൽകിയത്.

രണ്ടുവർഷത്തിനുള്ളിൽ യുഎഇയിൽനിന്ന് എത്രവണ പാഴ്സൽ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതും അറിയിക്കണം. സർട്ടിഫിക്കറ്റുകളിൽ ആരാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment