സാമൂഹികമാധ്യമങ്ങളിൽ വൈറലായ വനിതാ മോഡലിന്റെ ബൈക്ക് യാത്രയ്ക്ക് പിഴയിട്ടതിന് പിന്നാലെ സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ പിഴ ശിക്ഷ.
ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് ഉമയനല്ലൂർ സ്വദേശി ഇഷ (21) കന്റോൺമെന്റ് സ്വദേശി സൈജു, ബൈക്കുടമകളായ തൃക്കോവിൽവട്ടം സ്വദേശി സുധീർ (21) പട്ടത്താനം സ്വദേശി ലത എന്നിവർക്കെതിരേയും കേസെടുത്തതായി ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഡി.മഹേഷ് പറഞ്ഞു. നാലുപേർക്കുംകൂടി 20,500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇതേ കേസിന് പിടിയിലായ തട്ടാർകോണം സ്വദേശിനിയും മോഡലുമായ പെൺകുട്ടിയുടെ സുഹൃത്തുക്കളാണിവരും. വീഡിയോ ചിത്രീകരണവും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവുമാണ് ഇവർക്കും വിനയായത്. ചിത്രീകരണത്തിൽ അപകടകരമായി ബൈക്ക് അഭ്യാസം നടത്തിയ തിരുവനന്തപുരം സ്വദേശിയെയും മോട്ടോർവാഹന വകുപ്പ് തിരയുന്നുണ്ട്.
ന്യൂജെൻ ബൈക്കിൽ പറന്നുപോകുന്ന യുവാവിനെ പെൺകുട്ടികൾ പിന്തുടരുന്നതും യുവാവിനെ തടഞ്ഞുനിർത്തി ബൈക്ക് വാങ്ങി ഓടിക്കുന്നതുമാണ് ഒരു വീഡിയോയിലുള്ളത്. ഇതിലും, മുൻപ് പിടിയിലായ മോഡൽതന്നെയാണ് ബൈക്ക് ഓടിക്കുന്നത്. പോലീസ് പിടിച്ചാൽ ഹെൽമെറ്റില്ലാത്തതിന് 500 രൂപ പിഴയൊടുക്കാൻ താൻ തയ്യാറാണെന്നു പെൺകുട്ടി പറയുന്നതും ഇതിനൊപ്പമുണ്ട്.
മുമ്പ് ഇവർക്കെതിരേ കേസ് എടുത്തിട്ടുള്ളതിനാൽ പുതിയ കേസിൽനിന്ന് മോഡലിനെ ഒഴിവാക്കി. കടൽത്തീരത്തുകൂടി ബൈക്ക് ഓടിക്കുന്ന പെൺകുട്ടിക്കുമുന്നിൽ ബൈക്ക് അഭ്യാസി കടന്നുപോകുന്നതാണ് രണ്ടാമത്തെ വീഡിയോ. സേഫ് കേരള എൻഫോഴ്സ്മെന്റ് വിങ്ങിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുമോദ്, ബിനു ജോർജ്, എ.എം.വി.ഐ. ഷമീർ എന്നിവരാണ് വീഡിയോയിലുണ്ടായിരുന്നവരെ കണ്ടെത്തിയത്.
കൊല്ലത്ത് കടൽത്തീരം കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ബൈക്ക് ഓടിക്കലും ചിത്രീകരണവും നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വനിതാ മോഡലിന് പിഴയിട്ടെങ്കിലും ഇതുവരെ അടച്ചിട്ടില്ല. കൂടാതെ സംഭവത്തിൽ മോട്ടോർവാഹന വകുപ്പിനെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുംവിധം പ്രചാരണം നടത്തിയെന്നാരോപിച്ച് ചിലർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Leave a Comment