45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി വസ്തുതാന്വേഷണ റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി റിപ്പോർട്ട് പുറത്തുവിട്ടത്.

30 വിദ്യാർത്ഥികളും 15 വിദ്യാർത്ഥിനികളും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സ്ത്രീകളെ പുരുഷ പൊലീസുകാർ ലൈംഗികമായി ഉപദ്രവിച്ചു. അവരുടെ വസ്ത്രങ്ങൾ കീറിയെറിയാൻ ശ്രമിച്ചു. മാറിൽ ഇടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു. ലൈംഗികാവയവത്തിൽ ലാത്തി കുത്തിക്കയറ്റി. ക്രൂരമായ ഉപദ്രവത്തെ തുടർന്ന് ഇവർക്ക് ലൈംഗികാവയത്തിൽ പരുക്കേൽക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

അക്രമത്തിന് ആഴ്ചകൾക്ക് ശേഷവും ഇവർക്ക് രഹസ്യഭാഗങ്ങളിൽ വേദനയുണ്ടായിരുന്നു. പലർക്കും രക്തസ്രാവം ഉണ്ടായി. 16 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. സിസേറിയൻ കഴിഞ്ഞ ഒരു യുവതി തന്നെ അടിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാരൻ നിർത്തിയില്ല. ഒടുവിൽ ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. പുരുഷന്മാർക്കെതിരെയും പൊലീസ് ലൈംഗികാതിക്രമം നടത്തിയിരുന്നു. പുരുഷന്മാരുടെ ലൈംഗികാവയവത്തെ അവർ മർദ്ദിച്ചു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അവരുടെ മുട്ടിലും ഇവർ മർദ്ദിച്ചു.

പൊലീസ് യൂണിഫോം അണിഞ്ഞ മറ്റു ചിലരും തങ്ങളെ മർദ്ദിച്ചു എന്ന് യൂണിവേഴ്സിറ്റിയെ വിദ്യാർത്ഥികളും അധ്യാപകരും വെളിപ്പെടുത്തുന്നു. അക്രമകാരികളിൽ പൊലീസുകാർ അല്ലാത്തവരും ഉണ്ടായിരുന്നു. പൊലീസ് ഹെൽമറ്റുകളോ യൂണിഫോമോ അവർക്ക് ഉണ്ടായിരുന്നില്ല. ഫെബ്രുവരി 10ആം തിയതി 6.30ഓടെ അന്തരീക്ഷത്തിലേക്ക് എന്തോ ഒന്ന് സ്പ്രേ ചെയ്തെന്നും പ്രതിഷേധക്കാർ കടുത്ത തലവേദനയും ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ട് നിലത്തു വീഴുകയും ചെയ്തു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷവും പലർക്കും എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറഞ്ഞു എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി ആനി രാജ പറയുന്നു. അതിക്രമത്തിന് ഒരാഴ്ചക്ക് ശേഷവും വിദ്യാർത്ഥികൾക്ക് ശ്വാസം മുട്ടലും ഛർദ്ദിയും ഉണ്ടായിരുന്നു എന്നും അവർ പറയുന്നു.

pathram desk 1:
Related Post
Leave a Comment