പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മരിച്ചു പോയ ഭാര്യ; ഞെട്ടി ബന്ധുക്കള്‍

ബെംഗളൂരു: ഓഗസ്റ്റ് 8നായിരുന്നു കര്‍ണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം എത്തി. എത്തിയ ഓരോരുത്തരെയും സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അന്ധാളിച്ചു. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു സംശയിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ രഹസ്യം തെളിഞ്ഞു.

ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ തകര്‍ത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്.


എന്നാല്‍ അത്രമാത്രം പോര ഭാര്യയെ എന്നും ഓര്‍ക്കാന്‍ എന്തെങ്കിലും പ്രത്യേകത വീട്ടില്‍ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിര്‍മിക്കാന്‍ കാരണമായത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂര്‍ണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓര്‍ക്കാന്‍ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം.

pathram:
Related Post
Leave a Comment