അവള്‍ക്ക്‌ മൂന്നുദിവസമായി ഒരിറ്റു വെള്ളം പോലും നൽകിയിരുന്നില്ല, ദേഹമാസകലം പരുക്കേറ്റിരുന്നു; ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പൊലീസ് സൂപ്രണ്ട്‌

ഗാർഹിക പീഡനത്തിനു ഇരയാകുന്നവരെ സഹായിക്കുന്നതിനായി ‘മൊബൈൽ സെയ്ഫ്റ്റി’ എന്ന രീതിയിൽ സുരക്ഷാ സംവിധാനം ഒരുക്കുന്ന ഒരു പൊലീസ് ഓഫിസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. രമാ രാജേശ്വരി എന്ന പൊലീസ് സൂപ്രണ്ടാണ് ഈ ലോക്ഡൗൺ കാലത്ത് തനിക്കു വന്ന ഗാർഹിക പീഡന പരാതികളെ കുറിച്ചുള്ള വിശദാംശങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന പേജിലൂടെയാണ് രമയുടെ കുറിപ്പ്. തെലങ്കാനയിലെ മെഹ്ബൂബ് നഗറിൽ പൊലീസ് സൂപ്രണ്ടാണ് രമാ രാജേശ്വരി.

‘കാണ്‍പൂരിൽ നിന്നും ഒരു സ്ത്രീ വിളിച്ച് തന്റെ സഹോദരിയെ മൂന്ന് ദിവസമായി വിളിച്ചു കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടു. തുടർന്ന് ഞങ്ങൾ അന്വേഷണസംഘത്തെ അങ്ങോട്ട് അയച്ചു. ഭീതിപ്പെടുത്തുന്ന ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിപ്പോയി.’ രമ രാജേശ്വരി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി സ്ത്രീകൾ ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്നതായി ഇതിലൂടെ മനസ്സിലായി എന്നും അവർ പറയുന്നു. രണ്ടാഴ്ചയ്ക്കകം 40 കേസുകൾ രജിസറ്റർ ചെയ്യപ്പെട്ടു.

രമാ രാജേശ്വരിയുടെ കുറിപ്പിന്റെ പൂർണരൂപം

ഈ ലോക്ഡൗൺ കാലത്ത് കാണ്‍പൂരിൽ നിന്നും ഒരു സ്ത്രീ സഹായം അഭ്യർഥിച്ചു വിളിച്ചു. വലിയ ഭയത്തോടെയാണ് അവർ സംസാരിച്ചത്. മൂന്ന് ദിവസമായി സഹോദരിയെ വിളിച്ചു കിട്ടുന്നില്ലെന്ന് അവർ പറഞ്ഞു. ഭർത്താവ് മുൻപ് അവളെ ക്രൂരമായി മർദിച്ചിരുന്നതായും പറഞ്ഞു. വീണ്ടും അത്യാഹിതം എന്തോ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ഭയം. പരാതി കിട്ടിയ ഉടൻ തന്നെ ഞങ്ങൾ ഒരു സംഘം യുവതിയെ അന്വേഷിച്ചു പോയി. അവിടെ ഞങ്ങൾ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. പേടിപ്പിക്കുന്ന നിലയിലായിരുന്നു അവളെ കണ്ടെത്തിയത്. അവളുടെ അവസ്ഥ കണ്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി.

അവളുടെ ദേഹമാസകലം പരുക്കേറ്റിരുന്നു. മൂന്നുദിവസമായി ഒരിറ്റു വെള്ളം പോലും നൽകിയിരുന്നില്ല. നരകയാതനയാണ് അവൾ അനുഭവിച്ചിരുന്നത്. വേദനയിൽ പുളയുകയായിരുന്നു അവൾ. ഞങ്ങൾ അവളെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ഭർത്താവിനെതിരെ കേസെടുക്കുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കകം അവളുടെ പരുക്കുകകൾ ഭേദമായി. ആ സമയത്ത് അവളുടെ സഹോദരി വീണ്ടും വിളിച്ചു. അവളെ തന്റെ വീട്ടിലേക്ക് എത്തിക്കാൻ സഹായിക്കാമോ എന്നായിരുന്നു അവരുടെ ചോദ്യം. തുടർന്ന് ഇതര സംസ്ഥാനത്തേക്കുള്ള യാത്രാ പാസും അവർക്ക് ശരിയാക്കി നൽകി. അവൾ വീട്ടിൽ സുരക്ഷിതയാണോ എന്ന് ഉറപ്പു വരുത്തി.

സത്യത്തിൽ ആ സംഭവമാണ് എന്റെ കണ്ണു തുറപ്പിച്ചത്. ഇക്കാലയളവിൽ നിരവധി സ്ത്രീകൾ വീടുകൾക്കുള്ളിൽ ക്രൂരമായ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു. അവർക്കൊന്നും പരാതിപ്പെടാൻ കഴിയുന്നില്ലെന്ന കാര്യവും ഞങ്ങൾ മനസ്സിലാക്കി. അങ്ങനെയാണ് മൊബൈൽ സേഫ്റ്റി എന്ന ആശയത്തിലേക്ക് ഞങ്ങൾ എത്തിയത്. ഈ പദ്ധതിയിലൂടെ രണ്ടാഴ്ചയ്ക്കകം 40 കേസുകളാണ് സഹായം അഭ്യർഥിച്ച് ഞങ്ങളെ സമീപിച്ചത്. ഞങ്ങളുടെ സംഘത്തിലുള്ളവരെല്ലാം തന്നെ പീഡനങ്ങൾക്കിരയാകുന്നവരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി. ഇതുപോല തന്നെ ഒരിക്കൽ ഒരു ഗർഭിണിയെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

തിരിച്ചെത്തിയ എന്റെ സഹപ്രവർത്തകൻ വലിയ ആവേശത്തിലായിരുന്നു. അവള്‍ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും കാവലിരിക്കാൻ അവൻ സന്നദ്ധനായിരുന്നു. പക്ഷേ, നിയമം കർശനമായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ ഇവിടെ അഭയം തേടിയിരുന്നു. ട്രെയിൻ സർവീസ് പുനരാരംഭിച്ചതോടെ അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞു. 15 ദിവസത്തിനകം 11,000 പേരെ വീടുകളിലെത്തിച്ചു. കഴിഞ്ഞ മൂന്നുമാസം എന്റെ സംഘം രാപകലില്ലാതെയാണ് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായത്. പലപ്പോഴും കുടുംബത്തെ പോലും പരിഗണിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അവരിൽ ഭൂരിഭാഗം പേർക്കും പിന്നീട് കോവിഡ് പോസിറ്റിവ് രേഖപ്പെടുത്തിയിരുന്നു. അവരെല്ലാം ഇപ്പോൾ ക്വാറന്റീനിലാണ്. എപ്പോഴാണ് ഞങ്ങൾ തിരിച്ചു വരേണ്ടതെന്നാണ് അവരിപ്പോഴും ചോദിക്കുന്നത്. ജോലിയോടുള്ള അവരുടെ ആത്മാർഥതയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

pathram:
Leave a Comment