കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഒരു പുതിയ മുഴുവന്‍സമയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം.പി. പാര്‍ട്ടിക്ക് നായകനില്ല എന്ന വിമര്‍ശത്തിന് മറുപടി നല്‍കാന്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയില്‍ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.

ഇടക്കാല അധ്യക്ഷ പദവിയുടെ ഭാരം സോണിയയെ അനിശ്ചിതകാലത്തേക്ക് ഏല്‍പ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ല. അതിനാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വര്‍ഷം താന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ തിരിച്ചെത്തിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുത്തതിനിടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

pathram:
Leave a Comment