വയലിനിസ്റ്റ് ബാലഭാസ്കർ അപകടം നടന്ന സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്ന കലാഭവന്‍ സോബിയുടെ മൊഴി സിബിഐ പരിശോധിക്കും. ബാലഭാസ്കറിന്‍റേത് ആസൂത്രിത അപകടമെന്ന സോബിയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവന്‍ സോബിയുടെ മൊഴി വിശദമായി സിബിഐ രേഖപ്പെടുത്തി. നുണ പരിശോധനക്ക് ഉള്‍പ്പെടെ തയാറെന്നും സോബി സമ്മതം അറിയിച്ചു.
ബാലഭാസ്കറിന്റെ മരണത്തില്‍ ഏറ്റവും അധികം ആരോപണങ്ങളുന്നയിക്കുന്നത് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബിയാണ്. അപകടമുണ്ടാകുന്നതിന് മുന്‍പ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ പോലൊരാളെ കണ്ടെന്നും സോബി പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് സോബിയെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്.
പറഞ്ഞകാര്യങ്ങള്‍ തെളിയിക്കാന്‍ നുണപരിശോധനക്ക് ഉള്‍പ്പെടെ തയാറാണെന്നും സോബി സിബിഐക്ക് എഴുതി നല്‍കി. നേരത്തെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴും സോബിയുടെ മൊഴി എടുത്തിരുന്നു. എന്നാല്‍ അന്ന് അപകട സ്ഥലത്ത് രണ്ട് പേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്നായിരുന്നു മൊഴി. കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്ന് അന്ന് പറഞ്ഞിരുന്നില്ല. മൊഴികളിലെ ഈ വൈരുധ്യം സിബിഐ അന്വേഷിക്കുന്നുണ്ട്. അതിനാല്‍ സോബിയെ അപകട സ്ഥലത്തുള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു.
അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു.
Leave a Comment