കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ കോവിഡ് പരിശോധനാഫലം കാത്തിരിക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. അപകടത്തെ തുടർന്ന് വിമാനത്താളത്തിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള നടപടികൾ നടത്താൻ സാധിച്ചിരുന്നില്ല.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 190 പേരാണുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നൂറ് കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലും ആശുപത്രികളിലും എത്തിച്ചേർന്നത്. കൊണ്ടോട്ടി, കോഴിക്കോട് പ്രദേശങ്ങളിലായി അഞ്ഞൂറിലധികം പേർ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വരുമെന്നാണ് നിഗമനം.
അപകടത്തിൽ മരിച്ചവരുടെ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. എട്ടുപേരുടെ മൃതദേഹപരിശോധന പൂർത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച മറ്റുള്ളവരുടേയും കോവിഡ് പരിശോധന പൂർത്തിയായി വരികയാണ്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൂടാതെ മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി. രക്ഷാപ്രവർത്തനത്തിനിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ തന്നെ രക്ഷാദൗത്യത്തിനായി എത്തിച്ചേർന്നവർ എത്രയും വേഗം സ്വയം ക്വാറന്റീനിൽ പ്രവേശിക്കാൻ സന്നദ്ധരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Leave a Comment