‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം ഫെയ്‌സ് ബുക്കില്‍; ഷറഫുവിന്റെത് അവസാന യാത്രയായി

ദുബായ് : ‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമ്പോേള്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയായിരിക്കുമെന്ന്. കോഴിക്കോട് വിമാനാപകടത്തില്‍ മരിച്ച ഈ യുവാവ് ഭാര്യക്കും ഏക മകള്‍ക്കും ഒപ്പമാണ് യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, മകള്‍ ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമായിട്ടില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും

വര്‍ഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായ ഇദ്ദേഹത്തെ പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കള്‍ കണ്ടിരുന്നില്ല. സാമൂഹിക രംഗത്തും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു.

വിമാന അപകടമുണ്ടായ ഉടന്‍ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു.

എന്നാല്‍ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയില്‍ ആദ്യം തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു. ഇതോടെ സുഹൃത്തുക്കള്‍ പരസ്പരം ഫോണ്‍ വിളിച്ച് സങ്കടം പങ്കുവച്ചു. അതോടൊപ്പം ഷറഫുവിന്റെ പ്രിയതമയെയും പൊന്നുമോളെയും കുറിച്ച് അന്വേഷണവും ആരംഭിച്ചു. അവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും.

pathram:
Leave a Comment