‘വലിയ 2 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടാണ് ഓടിച്ചെന്നത്…ഒപ്പം നിലവിളികളും ഉയര്‍ന്നു കേട്ടു’ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ പ്രദേശവാസി

കൊണ്ടോട്ടി (മലപ്പുറം) ‘വലിയ 2 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടാണ് ഓടിച്ചെന്നത്. ക്രോസ് റോഡില്‍ വിമാനത്താവള വളപ്പിന്റെ മതില്‍ തകര്‍ത്ത് വിമാനത്തിന്റെ ഒരു ഭാഗം പുറത്തേക്കു കാണാമായിരുന്നു. ഒപ്പം നിലവിളികളും ഉയര്‍ന്നു കേട്ടു’ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ പ്രദേശവാസി ജുനൈദ് പറയുന്നു. കാര്യമായി പരുക്കേല്‍ക്കാത്ത യാത്രക്കാര്‍ പലരും എമര്‍ജന്‍സി വാതില്‍ വഴിയും മറ്റും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.

വിമാനം വീണതിനു തൊട്ടടുത്ത് അകത്തേക്കു കയറാനുള്ള വലിയ ഗേറ്റുണ്ട്. അതു സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറക്കാത്തതിനാല്‍ ഏറെ നേരം പുറത്തുനില്‍ക്കേണ്ടിവന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല. ആ സമയം, അഗ്‌നിരക്ഷാസേനയുടെ ഒരു വാഹനവും ഒരു ആംബുലന്‍സും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍, യാത്രക്കാര്‍ പുറത്തിറങ്ങി നിന്ന ഭാഗത്തേക്ക് ആംബുലന്‍സിനും ഫയര്‍ ഫോഴ്‌സ് വാഹനത്തിനും എത്താനായില്ല.

റണ്‍വേയ്ക്കു ചുറ്റുമുള്ള ലിങ്ക് റോഡ് വഴി ആംബുലന്‍സും ഫയര്‍ എന്‍ജിനും എത്തിയതു വിമാനത്തിന്റെ മറുഭാഗത്തേക്കായിരുന്നു. ഈ സമയം, അവിടെയെത്തിയ മലയാളികളായ ഉദ്യോഗസ്ഥരോട് ഞങ്ങളുടെ സേവനം ആവശ്യമാണോ എന്നു ചോദിച്ചപ്പോള്‍ അവരാണ് അകത്തേക്കു കയറ്റിവിട്ടത്. ഉടന്‍ പ്രദേശവാസികളുടെ സ്വകാര്യ വാഹനങ്ങള്‍ എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്കു കൊണ്ടുപോയി. പിന്നീട് പൊലീസും കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങളും എത്തി. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ റോഡുകള്‍ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.

pathram:
Leave a Comment