ഇടുക്കി മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നല്‍കും. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ ദുരന്തമാണ് ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. ആകെ 80 ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ഗാന്ധിരാജ്, ശിവകാമി, വിശാല്‍, മുരുകന്‍, രാമലക്ഷ്മി, മയില്‍സാമി, കണ്ണന്‍, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാള്‍, സിന്ധു, നിതീഷ്, പനിനീര്‍സെല്‍വം, ഗണേശന്‍ എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിച്ചിലില്‍ പരുക്കേറ്റ മൂന്നുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ ടാറ്റാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാകും ഈ തുക അനുവദിക്കുക. ഇന്ന് പുലര്‍ച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്
Leave a Comment