സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷന്‍ വകുപ്പിനു കത്തുനല്‍കി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

എന്‍ഐഎ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ ‌കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് കേസിൽ എൻഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെതർ ഫ്ലാറ്റിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഇതിനിടെ, തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണു വിവരം. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്.

pathram desk 2:
Related Post
Leave a Comment