കോൺഗ്രസ് നേതാവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമം; മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറുള്ള വാൻ..

കൊല്ലം: കെപിസിസി നിർവാഹക സമിതി അംഗത്തെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം. മുന്നിലും പിന്നിലും വ്യത്യസ്ത നമ്പർ പതിച്ച വാൻ ഉപയോഗിച്ചു ചിറക്കര തട്ടാർകോണം ശ്രീമംഗലത്ത് എൻ.ജയചന്ദ്രനെയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ എൻ.ജയചന്ദ്രനെ രണ്ടു തവണ വാൻ ഇടിക്കാനും ഇതിനു ശേഷം വാൾ ഉപയോഗിച്ചു വെട്ടാനും ശ്രമം നടന്നു. അനധികൃത കോഴിവളർത്തൽ കേന്ദ്രത്തെക്കുറിച്ചു പരിസരവാസികളുടെ ബുദ്ധിമുട്ട് ജില്ലാ കലക്ടറെ അറിയിച്ചതിലുള്ള വിരോധമാണ് വധശ്രമത്തിനു പിന്നിലെന്നു പറയുന്നു. കോഴിവളർത്തൽ കേന്ദ്രത്തിന്റെ ഉടമയ്ക്ക് എതിരെ ജയചന്ദ്രൻ പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ ഏഴോടെ ജയചന്ദ്രന്റെ വീടിനു സമീപം പാറ ജംക്‌ഷൻ റോഡിലാണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങി കുറച്ചു ദൂരം എത്തിയപ്പോൾ പിന്നാലെ അമിത വേഗത്തിൽ എത്തിയ വാൻ പെട്ടെന്നു ബ്രേക്ക് ചെയ്തു ഭീഷണിപ്പെടുത്തിയ ശേഷം വേഗത്തിൽ മുന്നോട്ട് നീങ്ങിയെങ്കിലും ഉടൻ തിരിച്ചു വന്നു. ഇടിച്ചു തെറിപ്പിക്കാനായി പാഞ്ഞു വരുന്നത് കണ്ട് സമീപത്തെ പുരയിടത്തിലേക്കു ചാടിക്കയറി. തുടർന്ന് പ്രഭാത സവാരി മതിയാക്കി വീടിനു മുന്നിൽ എത്തിയപ്പോൾ പിന്നെയും വാൻ പാഞ്ഞെത്തി. ഓടി വീട്ടു വളപ്പിലേക്ക് കയറിയതിനാൽ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു നാട്ടുകാരിൽ ഒരാൾ വാനിന്റെ ചിത്രം പകർത്തിയപ്പോൾ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറാണെന്നു കണ്ടു. ഒഴിഞ്ഞ പുരയിടത്തിൽ വാൻ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

പാരിപ്പള്ളി പൊലീസിൽ വിവരം അറിയിച്ച ശേഷം നാട്ടുകാർക്ക് ഒപ്പം വാനിന് അരികിൽ എത്തിയപ്പോൾ, അതിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരൻ വാൾ കൊണ്ട് ജയചന്ദ്രന്റെ തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. കൂടുതൽ ആളുകളെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വാൻ കസ്റ്റഡിയിൽ എടുത്തു. വധശ്രമത്തിനു കേസ് എടുത്തതായി ചാത്തന്നൂർ എസിപി: ഷിനു തോമസ് പറഞ്ഞു.

പ്രദേശത്തെ കിണറുകൾ മലിനമാകുന്ന തരത്തിൽ മാലിന്യം ഒഴുക്കിവിടുന്ന കോഴി ഫാമിനെതിരെ പരിസരവാസികളുടെ ആവശ്യ പ്രകാരം മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ‘ഫാമിനെതിരെ നടപടി ഉണ്ടായാൽ ശരീരത്തിൽ റീത്തു വയ്ക്കാൻ ഏർപ്പാട് ചെയ്യുമെന്ന്’ ഭീഷണി ഉയർന്നിരുന്നു. തുടർന്നായിരുന്നു ഇന്നലത്തെ ആക്രമണം. 30 വർഷമായി പൊതുരംഗത്തുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഒപ്പം നിന്നതിന് നേരിടുന്ന ആദ്യ ആക്രമണമാണ്.
എൻ.ജയചന്ദ്രൻ

pathram desk 1:
Leave a Comment