മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് ഡോക്റ്റര്‍മാര്‍; കോവിഡ് നെഗറ്റീവ് ഫലം

നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങള്‍ പുറത്ത്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിൽ ശ്വാസനാളത്തിലല്ല മറിച്ച് ആമാശയത്തിലാണെന്ന് എക്സ് റേയില്‍ വ്യക്തമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും എടുത്ത എക്സ് റേകളാണു പുറത്തുവന്നത്.

അതിനിടെ കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞു. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. മരണകാരണം വ്യക്തമാകണമെങ്കിൽ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തിൽ പൊലീസ് സർജനായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.

ആമാശയത്തിൽ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയിൽനിന്നു മടങ്ങാൻ അധികൃതർ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റിൽനിന്നു പുറത്തുവരുമെന്നുമായിരുന്നു ഡോക്ടർമാർ കണക്കാക്കിയത്. ശിശുരോഗവിദഗ്ധർ ഉൾപ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനാൽ നാണയം കുടുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ അംഗീകരിക്കുന്നില്ല. മറ്റെന്തെങ്കിലുമാകാം മരണകാരണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി. കുട്ടിക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ മറ്റു പരിശോധനകളിലേക്കു കടന്നിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. എറണാകുളം ജനറൽ ആശുപത്രിയിലെത്തുമ്പോൾ കുട്ടി അസ്വസ്ഥകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. അവിടെനിന്നാണ് ആംബുലൻസിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയത്.

pathram:
Related Post
Leave a Comment