മദ്യ ലഹരിയില്‍ അമ്മയുടെ അടിയില്‍പെട്ട് കുഞ്ഞ് മരിച്ചു; അമ്മ കുറ്റക്കാരിയല്ലെന്ന് ഹൈക്കോടതി

മദ്യ ലഹരിയില്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി. ബാള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്.

കുഞ്ഞിനൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് മ്യൂരിയല്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി എന്ന നിലയില്‍ മ്യൂറിയലെതിരെ കുറ്റം ചുമത്തി ശിക്ഷിച്ചു. 2013 സെപ്റ്റംബറിലാണ് സംഭവം നടന്നത്.

എന്നാല്‍ മെരിലാന്‍ഡിലെ ഹൈക്കോടതി ഇവരെ കുറ്റവിമുക്തയാക്കുകയും ഇവരുടെ 20 വര്‍ഷത്തെ ശിക്ഷ റദ്ദാക്കുകയുമായിരുന്നു. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നും മ്യൂരിയലിന്റെ ശ്രദ്ധക്കുറവിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.

കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റല്ലെങ്കിലും മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മ്യൂരിയലിന്റെ പ്രവൃത്തി അവരുടെ അശ്രദ്ധയുടെ തെളിവാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം.

കുഞ്ഞിനെ തനിയെ തൊട്ടിലിലോ മറ്റോ കിടത്തിയുറക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് തെളിവുകളോടെ അവതരിപ്പിച്ചുവെങ്കിലും മ്യൂരിയലിനെതിരെ കുറ്റംചുമത്തിയാല്‍ വിവിധ സാഹചര്യങ്ങളിലുളള സ്ത്രീകള്‍ക്കിടയില്‍ അത് അസമത്വം സൃഷ്ടിക്കുമെന്ന് ജഡ്ജിമാരില്‍ ഒരാളായ ഷെര്‍ളി എം വാട്സ് അഭിപ്രായപ്പെട്ടു.

2016-ല്‍ നടന്ന വിചാരണയില്‍ താന്‍ 12 ഔണ്‍സ് ബിയറും, 40 ഔണ്‍സ് മദ്യവും കഴിച്ചതായി മ്യൂരിയല്‍ സമ്മതിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ നാലുവയസ്സുണ്ടായിരുന്ന മ്യൂരിയന്റെ മൂത്തകുട്ടി ഉറക്കത്തില്‍ അമ്മ സഹോദരിയുടെ മുകളിലൂടെ ഉരുണ്ടുവെന്നും വിളിച്ചെണീപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗാഢമായ നിദ്രയിലായിരുന്നതിനാല്‍ അമ്മ അറിഞ്ഞില്ലെന്നും മൊഴിനല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തില്‍ പതിവാണെന്നും കുട്ടിയായിരിക്കുമ്പോള്‍ താനും അമ്മയ്ക്കൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും മ്യൂരിയെല്‍ കോടതിയെ ബോധിപ്പിച്ചു.

യുഎസില്‍ പ്രതിവര്‍ഷം കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 3500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ശ്വാസംമുട്ടല്‍, സി.ഐ.ഡി.എസ് എന്നീകാരണങ്ങള്‍ മൂലമാണ് കുട്ടികളുടെ മരണം സംഭവിക്കാറുളളത്. എന്നാല്‍ കാരണമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മാതാപിതാക്കള്‍ കുഞ്ഞിനൊപ്പം മുറി പങ്കിടണമെന്ന് അമേരിക്കല്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കുഞ്ഞിനൊപ്പം ഒരു കിടക്കയില്‍ കിടക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ സിഡിസി സര്‍വേ പ്രകാരം യുഎസില്‍ 61.4 ശതമാനം അമ്മമാരും കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നവരാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment