ഒരുദിവസം 55000 കോവിഡ് രോഗികള്‍; രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക രോഗബാധിതര്‍ കുത്തനെ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി.

779 പേരാണ്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 35,747 ആയി. നിലവില്‍ രാജ്യത്ത് 5,45,318 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10,57,806 ആളുകള്‍ രോഗമുക്തി നേടി.

ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആര്‍ പറയുന്നു.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ 11,147 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്ത് 4,11,798 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,48,615 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1,48,150 സജ്ജീവ കേസുകളാണുള്ളത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 8,860 പേരാണ് രോഗമുക്തി നേടിയത്.

ആന്ധ്രാപ്രദേശില്‍ 10,167 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം 1,30,557 പേരായി ഉയര്‍ന്നു. 1,281 മരണവും ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 60,024 പേര്‍ക്കും രോഗമുക്തിയുണ്ടായതായി അധികൃതര്‍ അറിയിച്ചു.

കര്‍ണാടകത്തില്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 6,128 ആളുകള്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. 83 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 1,18,632 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 2,230 ആയി ഉയര്‍ന്നു. 46,694 പേര്‍ ഇതിനോടകം രോഗം ഭേദമായി. 69,700 പേരാണ് ചികിത്സയിൽ തുടരുന്നത്.

ഡല്‍ഹിയിൽ ഇന്ന് 1,093 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1,091 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 1,34,403 പേര്‍ക്കാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിൽ 1,19,724 കേസുകളും രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 3936 കേസുകളാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 10,743 സജ്ജീവ കേസുകളാണ് റിപ്പോര്‍‍ട്ട് ചെയ്തിരിക്കുന്നത്.

pathram:
Leave a Comment