സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസുകാരനാക്കി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തലയെന്നുമാണ് കോടിയേരിയുടെ പരിഹാസം. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.

ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്ന ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസുകാരനാക്കി കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ രാമനെ കാവിയില്‍ മുക്കി ഹിന്ദുത്വകാര്‍ഡാക്കി കോവിഡ് മഹാമാരിയുടെ കാലത്തും കളിക്കാന്‍ പ്രധാനമന്ത്രിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണെന്നു കോടിയേരി ആരോപിക്കുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment