മലപ്പുറം:ജില്ലയില് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധന യൂനിറ്റ് ജില്ലാകലക്ടര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ വകുപ്പിന്റെ വാഹനമാണ് ശ്രീ ഫൈസലിന്റെ നേതൃത്ത്വത്തിലുള്ള പെരിന്തല്‍മണ്ണ MEA എഞ്ചിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗം വിദ്യാർത്ഥികളുടെ സഹായത്തോടെ ആരോഗ്യ കേരളം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പരിശോധന യൂനിറ്റിനായി തയ്യാറാക്കിയത്. ജില്ലയിലെ രോഗവ്യാപന പ്രദേശങ്ങളില്‍ സഞ്ചരിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പി.സി.ആര്‍ ലാബില്‍ എത്തിക്കുകയാണ് യൂനിറ്റ് ചെയ്യുക. ഒരേ സമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ പരിശോധിക്കാനാവും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശോധനക്ക് വിധേയനാകുന്ന വ്യക്തിക്കും പ്രത്യേകം കാബിന്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ തവണ സ്രവം സ്വീകരിച്ച ശേഷവും പേഷ്യന്റ് ചേംബറും ഗ്ലൗസും അണുവിമുക്തമാക്കും. കൂടാതെ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. സാമ്പിള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് ഡോക്ടര്‍ / സ്റ്റാഫ് നഴ്‌സ്, രണ്ട് അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരാണ് കോവിഡ് പരിശോധന യൂനിറ്റിലെ ജീവനക്കാര്‍.
ജില്ലാ സര്‍വൈലന്‍സ് ടീം, കോവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഓരോ പ്രദേശത്തു നിന്നും ആരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ആപ്പില്‍ രേഖപ്പെടുത്തും. ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് സ്രവം ശേഖരിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങളും വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് സജ്ജമാക്കുന്നതിന് വലിയ പങ്കുവഹിച്ച ശ്രീ.ഫൈസലിന്റെ നേതൃത്വത്തിലുള്ള MEA എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് ടീമിനും , ജില്ലാ മെഡിക്കൽ ഓഫീസിലെ ഡോക്ടർമാർക്കും ആരോഗ്യ കേരളം മലപ്പുറം വിഭാഗത്തിനും നന്ദി അറിയിക്കുന്നു.
Leave a Comment