ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുന്നു

ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉള്‍പ്പടെയുള്ള റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്നമേഖലയില്‍ ആധിപത്യംസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കല്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ പ്രമുഖ റീട്ടെയില്‍ ചെയിനുകളായ ബിഗ് ബസാര്‍, ഫുഡ്ഹാള്‍, നില്‍ഗിരിസ്, എഫ്ബിബി, സെന്‍ട്രല്‍, ഹെരിറ്റേജ് ഫുഡ്സ്, ബ്രാന്‍ഡ് ഫാക്ടറി എന്നിവയും വസ്ത്ര ബ്രാന്‍ഡുകളായ ലീ കൂപ്പര്‍ തുടങ്ങിയവയും റിലയന്‍സിന്റെ സ്വന്തമാകും. 1,7000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് രാജ്യത്തെമ്പാടുമുള്ളത്. കൈമാറ്റത്തിനുമുമ്പായി ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസില്‍ ലയിക്കും.

കടബാധ്യത വര്‍ധിച്ചതോടെയാണ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 2019 സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബാധ്യത 12,778 കോടി രൂപയാണ്.

pathram:
Related Post
Leave a Comment