രോഗവ്യാപനമുണ്ടായാൽ നേരിടാൻ ഒരുങ്ങി ജില്ലയിലെ എഫ്.എല്‍.ടി.സികൾ

എറണാകുളം: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾ (എഫ്.എല്‍.ടി.സി) . ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതല്‍ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി ഉടന്‍ സജ്ജമാകും. 10,000 കിടക്കകളാണ് വിവിധ എഫ്.എല്‍.ടി.സികളിലായി ജില്ലയില്‍ സജ്ജമാക്കുവാന്‍ ലക്ഷ്യമിടുന്നത്.
കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് അവരുടെ പ്രദേശത്ത് തന്നെ ചികിത്സ ലഭ്യമാക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലൂടെ. മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുള്ള ഈ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനവും ഉണ്ടാകും. ഏതെങ്കിലും രോഗിക്ക് രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഉടനടി മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ, മുന്‍സിപ്പാലിറ്റികൾ, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് എഫ്.എല്‍.ടി.സികളുടെ നടത്തിപ്പ് ചുമതല.
നിലവില്‍ ജില്ലയില്‍ ഒന്‍പത് എഫ്.എല്‍.ടി.സികളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളില്‍ ചികിത്സയിലുള്ളത് 563 പേരാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്.എല്‍.ടി.സികളും അവിടങ്ങളിലെ രോഗികളുടെ എണ്ണവും യഥാക്രമം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റെര്‍ 153, നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റെര്‍ 94, കളമശ്ശേരി രാജഗിരി ഹോസ്റ്റൽ 61, ചെല്ലാനം സെന്റ് ആന്റണീസ് ചര്‍ച്ച് 5, എം.ആര്‍.എസ് കീഴ്മാട് 7, ന്യുവാല്‍സ് കളമശ്ശേരി 116, തൃക്കാക്കര എസ്.ഡി കോണ്‍വന്റ് 42, ഇ.എം.എസ് ഓഡിറ്റോറിയം പെരുമ്പാവൂര്‍ 74, എസ്.ഡി കോണ്‍വെന്റ് ചുണങ്ങംവേലി 11. എഫ്.എല്‍.ടി.സികളുടെ മേല്‍നോട്ടം നടത്തുന്നത് കളക്ട്രേറ്റിലെ ജില്ലാ അടിയന്തരകാര്യഘട്ട നിര്‍വ്വഹണ കേന്ദ്രത്തിലാണ്.

pathram desk 1:
Related Post
Leave a Comment