കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല; ആശങ്കയോടെ അധികൃതർ

ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും, തിരച്ചിൽ തുടരുകയാണെന്നും അധികൃതർ. ‘പോസിറ്റീവ് രോഗികളിൽ ചിലരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ 3,338 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അവരിൽ ചിലർ പരിശോധനയിൽ തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകി. പരിശോധന ഫലം ലഭിച്ചതിന് ശേഷം അവർ അപ്രത്യക്ഷരായി’– ബി‌ബി‌എം‌പി കമ്മിഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

നഗരത്തിലെ ആകെ രോഗബാധിതരുടെ 7 ശതമാനമാണ് ഈ സംഖ്യ. പരമാവധി ശ്രമിച്ചിട്ടും കാണാതായ രോഗികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറയുന്നു. പരിശോധന ഫലം പോസിറ്റീവായവർ ക്വാറന്റീനിലായതായും വിവരമില്ല. ബെംഗളൂരുവിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. കർണാടകയിൽ പകുതിയോളം കേസുകളും ബെംഗളൂരുവിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തവയാണ്.

രോഗബാധിതരായ എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനിലാക്കാനും ചെയ്യുന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, രോഗബാധിതരെ കണ്ടെത്തുന്നതിനും, ഐസലേഷനിലാക്കുന്നതിനും മുൻഗണന നൽകുമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ പറഞ്ഞു. ഇതേത്തുടർന്ന്, കോവിഡ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുന്നതിനു മുൻപ് തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടാനും മൊബൈൽ നമ്പറുകൾ പരിശോധിക്കാനും അധികാരികൾ തീരുമാനിച്ചു.

കർണാടകയിൽ തുടർച്ചയായി മൂന്നാം ദിവസവും 5,000 പുതിയ കോവിഡ് കേസുകൾ റിപ്പാർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം 2,036 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 43,503 കേസുകൾ ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേർ കൂടി രോഗം ബാധിച്ച് മരിച്ചു, ഇതിൽ 30 പേർ ബെംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,796 ആയി.

pathram desk 1:
Leave a Comment