സാമ്പത്തിക തകർച്ചയും അനുബന്ധ പ്രശ്നങ്ങളും മുതലെടുത്തു കുട്ടികളെ മനുഷ്യക്കടത്തു സംഘങ്ങൾ വലിയതോതിൽ ഉപയോഗിക്കാനുള്ള സാധ്യത തടയാനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമയി റജിസ്റ്റർ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കോവിഡുകാല പ്രശ്നങ്ങൾക്കിടയിൽ മനുഷ്യക്കടത്തുസംഘങ്ങൾ സജീവമാകാൻ നീക്കം നടത്തുന്നെന്ന രസഹ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെ തുടർന്നാണു സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയത്. മനുഷ്യക്കച്ചവടം, വ്യഭിചാരം, ബാലവേല എന്നിവയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന രീതിയാണ് ഇത്തരം സംഘങ്ങളുടേത്. സംസ്ഥാനങ്ങൾ തമ്മിലും തദ്ദേശസ്ഥാപനങ്ങൾ തമ്മിലും വിഷയത്തിൽ ആശയവിനിമയം നടത്തണം. കുട്ടികളുടെ വാർഡുതല കണക്കും സ്ഥിതിയുമാണു ശേഖരിക്കേണ്ടത്.
അവരുടെ കുടുംബങ്ങളെ സമീപിക്കുന്നവരെക്കുറിച്ചും നിരീക്ഷിക്കണം. കോവിഡ് വ്യാപനത്തിനുശേഷം കാണാതായ കുട്ടികളെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, അയൽക്കൂട്ടങ്ങൾ, റെസിഡൻസ് അസേസിയേഷൻ, പൊലീസ് എന്നിവരാണു മുൻകയ്യ് എടുക്കേണ്ടത്. സംശയാസ്പദമായ എല്ലാ വിവരങ്ങളും പരിശോധിച്ച് വ്യക്തതവരുത്തുന്നതിൽ വീഴ്ചയരുതെന്നും നിർദേശത്തിൽ ആവശ്യപ്പെടുന്നു.
കുട്ടികളുടെ പ്രശ്നത്തിൽ സാഹചര്യമനുസരിച്ചുള്ള അറിവുകളും സന്ദേശങ്ങളും കുടുംബങ്ങളിൽ എത്തിക്കാനും സംവിധാനം വേണം. നിരാശയും വിഷമവും അനുഭവിക്കുന്ന കുട്ടികൾക്കു ഏത്രയും വേഗം സഹായം എത്തിക്കേണ്ടതുണ്ട്. അപരിചിതനായ മുതിർന്നവർക്കൊപ്പം കുട്ടികളെ കണ്ടെത്തിയാൽ പരിശോധിക്കുന്നതിൽ വീഴ്ചപാടില്ല. ഔദ്യോഗിക സംവിധാനത്തെ സഹായിക്കാൻ സാമൂഹിക പ്രവർത്തകരും സന്നദ്ധസംഘടനകളും പങ്കാളികളായ ഇന്റലിജൻസ് നെറ്റ്‌വർക്കിനു സാധിക്കും. നടപടികളിൽ തൊഴിൽവകുപ്പിന്റെ ഇടപെടലാണ് പ്രധാനം. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപകമായ ഒാൺലൈൻ പഠനം ചൂഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചു അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.
സൈബർ സംവിധാനത്തിലൂടെ കുട്ടികളെ ലൈംഗികമായി( സൈബർ ട്രാഫിക്കിങ്) ചൂഷണം ചെയ്യുന്ന സംഘങ്ങൾ ചിലയിടങ്ങളിൽ സജീവമാണ്. തൊഴിൽ നഷ്ടവും വരുമാനം നിലച്ചതും സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിതദുരിതം ഇരട്ടിയാക്കിയിട്ടുണ്ട് അതിനാൽ ജോലി, തുടർച്ചയായ വരുമാനം, കൂടുതൽ സൗകര്യങ്ങൾ, കുടുംബങ്ങളുടെ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്തു മനുഷ്യക്കടത്തു സംഘങ്ങൾ പുരുഷന്മാരെ ഉൾപ്പെടെ ഇരകളാക്കും. നിർബന്ധിത വ്യഭിചാരം, അടിമത്തൊഴിൽ, ഭിക്ഷാടനം, വിവാഹം, എന്നിവയ്ക്കാണ് കടത്തി കൊണ്ടുപോകുന്നവരെ ഇവർ ഉപയോഗിക്കുകയെന്നാണു കേസ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
Leave a Comment