ബാലഭാസ്‌കര്‍ അമിതവേഗത്തിലോടിച്ചത് അപകടത്തിന് കാരണം; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടത്തില്‍ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് അര്‍ജുന്‍ ആരോപിച്ചു.

അതിനാല്‍ തന്നെ, തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ കോടിതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട ാരണമെന്ന് അര്‍ജുന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതേ സമയം, അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാരല്‍ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

മോട്ടോര്‍വാഹന വകുപ്പും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയില്‍ കാര്‍ അപകടത്തില്‍പ്പെട്ടത് അമിത വേഗം മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്നിലെ സീറ്റിലിരുന്നതിനാലാണെന്നും ഫോറന്‍സിക് പരിശോധനാഫലത്തില്‍ തെളിഞ്ഞിരുന്നു.

ബാലഭാസ്‌കര്‍ അപകട സമയത്ത് പിന്‍സീറ്റിലായിരുന്നെന്നും ഭാര്യ ലക്ഷ്മി മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍ കക്ഷിയാക്കിയിട്ടുള്ളത്.

വാഹനം ഓടിച്ചത് സംബന്ധിച്ച അര്‍ജുന്റെ വാദം കേസിലെ നിര്‍ണായക വഴിത്തിരിവാണ്. അതേസമയം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടെന്നും മറുഭാഗം വാദിക്കുന്നു.

അതേസമയം സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചതില്‍ ദുരൂഹത. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയവുമായി ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍. താല്‍ക്കാലിക ഡ്രൈവറായിരുന്ന സി. അജിയിലൂടെ അപകട മരണ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു പ്രതികളെന്ന് സംശയിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയിരുന്നു. ഇതില്‍ കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്ന് പിടിയിലായവര്‍ക്ക് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ബാലുവിന്റെ വാഹനം അപകടത്തില്‍പെട്ട സ്ഥലത്ത് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ ഇപ്പോഴത്തെ കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.

ഇവര്‍ മനഃപൂര്‍വം കൊണ്ടുവന്ന ഒരു സാക്ഷിയാണ് അജിയെന്നാണ് ബാലുവിന്റെ വീട്ടുകാരുടെ ആരോപണം. അതിനുള്ള പ്രത്യുപകാരമാകാം ദുബൈയിലെ ജോലിയെന്ന് അവര്‍ പറയുന്നു. ഇതിന് സ്വപ്‌നയുടെയും സരിത്തിന്റെയും സഹായം ഉണ്ടായിരിക്കാമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സമയത്ത് യു.എ.ഇയിലേക്ക് ഡ്രൈവര്‍മാരുടെ ഒരു റിക്രൂട്ട്മന്റെ് നടന്നിരുന്നു. അതില്‍ പങ്കെടുത്ത് ലഭിച്ച ജോലിയാണെന്നാണ് അജിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment