സ്വര്‍ണക്കള്ളക്കടത്തു കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിച്ചുപണിയ്ക്കു സാധ്യത

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഭരണതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും അഴിച്ചുപണിയ്ക്കു സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രളയം, കോവിഡ് പ്രതിരോധങ്ങളിൽ ഇടതു മന്ത്രിസഭ ആർജിച്ച സൽപ്പേരിനു കളങ്കമുണ്ടാകരുതെന്ന സന്ദേശം സിപിഎം നേതൃത്വം മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെക്കുറിച്ചു തുടക്കം തൊട്ടേ വിമർശനങ്ങളുണ്ട്. പഴ്സനൽ സ്റ്റാഫിൽ വരുംദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നൽകുന്നത്. സർക്കാരിന്റെ ക്ഷേമ–വികസന പദ്ധതികൾ വേഗത്തിലാക്കി പ്രതിച്ഛായ തിരിച്ചുപിടിക്കാനും ശ്രമമുണ്ടാകും.

കഴിഞ്ഞദിവസം എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മറ്റു ചില മുതിർന്ന നേതാക്കളുമായും മുഖ്യമന്ത്രി നേരിട്ടു കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിശദീകരിച്ചു. സ്വർണക്കടത്തു കേസ് പാർട്ടിയെയോ സർക്കാരിനെയോ ബാധിക്കില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനു ഉറപ്പു നൽകിയതായാണു ലഭിക്കുന്ന വിവരം. ഓഫിസിലും ഭരണത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പാർട്ടി നേതൃത്വം തിരിച്ചും നിർദേശങ്ങൾ നൽകി. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്താക്കിയ സാഹചര്യത്തിലാണു പതിവില്ലാതെ പാർട്ടിയുടെ ഇടപെടൽ.

ആറ് ഉപദേഷ്ടാക്കളാണു മുഖ്യമന്ത്രിക്കുള്ളത്. ചിലർ ശമ്പളം വാങ്ങിയും അല്ലാതെയും പ്രവർത്തിക്കുന്നു. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ആരോഗ്യ ഉപദേഷ്ടാവായി പുതുതായി നിയമിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര ഉപദേഷ്ടാക്കൾ എന്ന പ്രതിപക്ഷത്തിന്റെ വിമർശനം സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും ചിലർ പാർട്ടിവേദികളിൽ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫില്‍ 25 പേരുണ്ട്. സമൂഹമാധ്യമങ്ങളും വെബ്സൈറ്റും കൈകാര്യം ചെയ്യാൻ വേറെ 27 പേരും. ഇത്രയും പേർ പ്രവർത്തിച്ചിട്ടും ഓഫിസ് പ്രവർത്തനത്തിൽ പാളിച്ചകളുണ്ടെന്നും വിവാദം തുടർക്കഥയാകുന്നെന്നുമാണു പാർട്ടി വിലയിരുത്തൽ.

ചില സുപ്രധാന തസ്തികകളിൽ മാറ്റങ്ങൾ വേണമെന്നാണു സിപിഎം നേതൃത്വം നിർദേശിച്ചത്. കേരള പൊലീസിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. മുൻ സെക്രട്ടറി എം.ശിവശങ്കറിനപ്പുറം അന്വേഷണം തന്റെ ഓഫിസിലേക്കു നീങ്ങില്ലെന്നാണു മുഖ്യമന്ത്രി നൽകിയ വിശദീകരണം. ശരിയായ രീതിയിൽ എൻഐഎ അന്വേഷണം നടത്തിയാൽ പ്രതിപക്ഷത്തുള്ളവരും പ്രതിരോധത്തിലാകുമെന്നും സർക്കാർ വിലയിരുത്തുന്നു. ശിവശങ്കറിനെ സംരക്ഷിക്കില്ലെന്നും പുതിയ തെളിവുകളുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു.

follow us pathramonline

pathram desk 1:
Leave a Comment