മണ്ണിലേക്ക് മുഖം ചേര്‍ത്ത് കൈകള്‍ പിന്നില്‍ കെട്ടി അസ്ഥികൂടം; കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച് ഗവേഷകര്‍

ലണ്ടനും ബിര്‍മിങ്ങാമിനുമിടയില്‍ ഒരു അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള ലാന്‍ഡ് സര്‍വേയിലായിരുന്നു ഗവേഷകര്‍. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ണാണ് ബ്രിട്ടന്റേത്. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നീ കാലങ്ങളിലേതു കൂടാതെ റോമന്‍ അധിനിവേശത്തിന്റെ അടയാളങ്ങളും ഇപ്പോഴും ബ്രിട്ടന്റെ മണ്ണില്‍ ഒളിച്ചിരിപ്പുണ്ട്. റെയില്‍പാത നിര്‍മിക്കും മുന്‍പ് അത്തരം ഏതെങ്കിലും പുരാതന ശേഷിപ്പുകള്‍ കണ്ടെത്താനാകുമോ എന്ന ശ്രമത്തിലായിരുന്നു ഗവേഷകര്‍.

എന്നാല്‍ കുഴിച്ചു മുന്നോട്ടുപോയ അവര്‍ക്കു മുന്നില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒരു അസ്ഥികൂടം. മണ്ണിലേക്ക് മുഖം ചേര്‍ത്ത നിലയിലായിരുന്നു അത്. കൈകള്‍ പിന്നില്‍ കെട്ടിയിരുന്നു. ആരെയോ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നതു വ്യക്തം. അതല്ല വധശിക്ഷ നല്‍കി മറവു ചെയ്തതുമാകാം. എന്തായാലും വിശദപരിശോധനയ്ക്ക് ലാബിലേക്ക് മാറ്റിക്കഴിഞ്ഞു അസ്ഥികൂടം.

ഏകദേശം 2000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം ബക്കിങ്ങാംഷയറിലെ വെല്‍വിക്ക് ഫാമില്‍നിന്നാണു ലഭിച്ചത്. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നു മനസ്സിലാക്കാനാകില്ലെങ്കിലും 2000 വര്‍ഷം മുന്‍പത്തെ ജീവിതരീതി സംബന്ധിച്ച നിര്‍ണായക തെളിവാണ് ഗവേഷകര്‍ക്കു ലഭിച്ചിരിക്കുന്നത്.

അതിനു കാരണമായതാകട്ടെ അസ്ഥികൂടം ലഭിച്ച കുഴിമാടത്തിനു ചുറ്റിലും വൃത്താകൃതിയില്‍ മരത്തൂണുകള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതും. ഇംഗ്ലണ്ടിന്റെ തന്നെ അഭിമാന പ്രതീകമായ പുരാതന സ്മാരകം സ്റ്റോണ്‍ഹെഞ്ചിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്. പടുകൂറ്റന്‍ കരിങ്കല്ലുകള്‍കൊണ്ടു വൃത്താകൃതിയിലുള്ള സ്റ്റോണ്‍ഹെഞ്ച് എന്തിനു നിര്‍മിച്ചുവെന്നത് ഇന്നും അജ്ഞാത രഹസ്യമാണ്. എന്നാല്‍ അവിടെനിന്നും ഒട്ടേറെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

സമാനമായ നിര്‍മിതിയാണ് വെല്‍വിക്ക് ഫാമിലെ അസ്ഥികൂടത്തിനു ചുറ്റും കണ്ടെത്തിയത്. ഏകദേശം 213 അടി വ്യാസമുണ്ടായിരുന്നു മരക്കുറ്റികള്‍കൊണ്ടു തീര്‍ത്ത ആ വൃത്തത്തിന്. സ്റ്റോണ്‍ഹെഞ്ച് മൃതദേഹ സംസ്‌കാരം സംബന്ധിച്ച ചടങ്ങുകള്‍ക്കായി നിര്‍മിച്ചതാകാമെന്ന വാദത്തിന് കൂടുതല്‍ ഉറപ്പു ലഭിക്കുന്നതാണ് വെല്‍വിക്ക് ഫാമിലെ കണ്ടെത്തലെന്നു ചുരുക്കം. റോമക്കാരുടെ ബ്രിട്ടനിലേക്കുള്ള അധിനിവേശകാലത്തു ജീവിച്ചിരുന്ന പുരുഷന്റേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അത്തരമൊരു രീതിയില്‍ മൃതദേഹം സംസ്‌കരിച്ചതെന്നത് ഗവേഷകര്‍ക്കു മുന്നിലും നിഗൂഢതയായി തുടരുകയാണ്. അതാനാലാണ് അസ്ഥികളുടെയും മറ്റും കാലപ്പഴക്കം ഉള്‍പ്പെടെ പരിശോധിച്ച് വ്യക്തമായ ഉത്തരം നല്‍കാനാകുന്ന ഓസ്റ്റിയോളജിസ്റ്റുകളുടെ സഹായവും ഗവേഷകര്‍ തേടിയിരിക്കുന്നത്.

2000 വര്‍ഷം മുന്‍പ് പ്രദേശത്ത് ആള്‍താമസമുണ്ടായിരുന്നുവെന്നു പറയുന്നതുതന്നെ ഏറെ ചരിത്രപ്രധാന്യമുള്ള കാര്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. റോമന്‍ അധിനിവേശകാലത്ത് ഇവിടെയുള്ളവര്‍ വെന്‍ഡോവര്‍ നഗരത്തിലേക്കു മാറിയെങ്കിലും മൃതദേഹം സംസ്‌കരിക്കാനുള്‍പ്പെടെയുള്ള പ്രദേശമായി വെല്‍വിക്ക് ഫാമിനെ ഉപയോഗിച്ചുപോന്നെന്നാണു കരുതുന്നത്. സമീപത്തുതന്നെ മൃഗങ്ങള്‍ക്കായുള്ള കൂടുകളുടെയും മാലിന്യക്കുഴികളുടെയുമെല്ലാം ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ മറ്റൊരു ശവപ്പെട്ടിയുടെ ഉള്‍വശത്ത് ലെഡ് പ്രയോഗിച്ചിരുന്നു. അക്കാലത്ത് വിലയേറിയ രീതിയായിരുന്നു അത്. പ്രശസ്തരുടെ ശവപ്പെട്ടിയില്‍ മാത്രമായിരുന്നു ചെയ്തിരുന്നതും. മരംകൊണ്ടുള്ള പുറംചട്ട ദ്രവിച്ചു പോയെങ്കിലും ലെഡ് പാളികൊണ്ട് സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആ മൃതദേഹ അവശിഷ്ടം. റോമക്കാരുടെ കാലത്തായിരുന്നു ആ മൃതദേഹം സംസ്‌കരിച്ചത്. ബിസി ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതുന്ന സ്വര്‍ണനാണയവും പ്രദേശത്തുനിന്നു കണ്ടെത്തി.

യാതൊരു ചിഹ്നങ്ങളൊന്നുമില്ലാത്ത ആ നാണയവും ഗവേഷകര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. ഇത്തരത്തില്‍ ഏകദേശം 4000 വര്‍ഷം മുന്‍പു വരെ ആളനക്കങ്ങളുണ്ടായിരുന്ന സ്ഥലത്താണ് വെല്‍വിക്ക് ഫാം നിലനില്‍ക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ കണ്ടെത്തല്‍ ലോകത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വിര്‍ച്വല്‍ സെമിനാറുകളിലൂടെയും ബിബിസി ഡോക്യുമെന്ററിയിലൂടെയുമായിരിക്കും അജ്ഞാത അസ്ഥികൂടങ്ങളുടെ വിശേഷങ്ങള്‍ ലോകത്തിനു മുന്നിലെത്തുക.

follow us pathramonline

pathram:
Related Post
Leave a Comment