കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആയി സജിത ചുമതലയേറ്റു. അതും ഒന്നാം റാങ്കിന്റെ തിളക്കത്തോടെ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഒ.സജിത ഇന്ന് തിരൂർ എക്സൈസ് സർക്കിൾ ഓഫിസിൽ ആണ് എക്സൈസ് ഇൻസ്പെക്ടർ ആയി ചുമതലയേൽക്കുന്നത്.
ഷൊർണൂർ ചുടുവാലത്തൂർ അഭിനത്തിൽ അജിയുടെ ഭാര്യയായ സജിത നേരത്തെ എക്സൈസിൽ സിവിൽ ഓഫിസർ ആയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ആവുന്നതിന് അപേക്ഷ ക്ഷണിക്കുമ്പോൾ വനിതകൾ അപേക്ഷിക്കേണ്ടതില്ല എന്ന ബ്രായ്ക്കറ്റ് ഇക്കുറി എടുത്തുകളഞ്ഞപ്പോൾ ഒന്നും നോക്കാതെ അപേക്ഷിച്ചു. ഫലം വന്നപ്പോൾ റാങ്കോടെ ജയം. എക്സൈസിൽ സിവിൽ ഓഫിസർ ആവാൻ വനിതകൾക്ക് അവസരം നൽകിയിട്ടും അധികമായിട്ടില്ലാത്തതിനാൽ സ്ഥാനക്കയറ്റം വഴിയും എക്സൈസിൽ വനിതാ ഇൻസ്പെക്ടർ ഇല്ല.
ഒരു വർഷമായിരുന്നു ഇൻസ്പെക്ടർക്കുള്ള പരിശീലനം. എക്സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫിസിലായിരുന്നു അവസാനം. ഇന്നലെ പ്രതിജ്ഞയെടുത്തു. തൃശൂർ തൈക്കാട്ടുശേരിയിൽ റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ദാമോദരന്റെയും ചേർപ്പ് സിഎൻഎൻ സ്കൂളിൽ പ്രധാനാധ്യാപിക ആയിരുന്ന കെ.യു.മീനാക്ഷിയുടെയും മകളാണ് സജിത. അമ്മ ഇൻസ്പെക്ടർ ആയി സല്യൂട്ട് സ്വീകരിക്കുന്നതിൽ കല്ലിപ്പാടം കാർമൽ സിഎംഐ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇന്ദുവും സന്തോഷത്തിലാണ്.
follow us: PATHRAM ONLINE
Leave a Comment