ബച്ചന്‍ കുടുംബത്തിന് വില്ലനായത് ഡബ്ബിങ് യാത്രയോ..?

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്.

ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയിൽ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനിൽ കഴിയുന്ന ഐശ്യര്യ റായ്, മകൾ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു.

ഈ മാസം ആദ്യം അഭിഷേക് ബച്ചൻ താൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയിൽ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയർന്നിട്ടുണ്ട്. എന്നാൽ, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

ബച്ചൻ കുടുംബത്തിലെ 3 തലമുറയിലെ 4 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് എല്ലാവരും കഴിയുന്നത്.

ജുഹു ബീച്ചിനോട് ചേർന്നാണ് അമിതാഭ് ബച്ചന്റെ 2 ബംഗ്ലാവുകൾ. ഇതിൽ ആദ്യം സ്വന്തമാക്കിയ വസതിയാണ് ‘പ്രതീക്ഷ’. മാതാപിതാക്കൾക്കൊപ്പം ബച്ചൻ താമസിച്ചിരുന്ന വസതി. തുടർന്നാണ് ബീച്ചിനോട് കുറച്ചുകൂടി അടുത്തായി ജൽസ എന്ന ബംഗ്ലാവിലേക്കു താമസം മാറ്റിയത്. അഭിഷേകും ഭാര്യ ഐശ്വര്യ റായിയും കുഞ്ഞും ബച്ചനൊപ്പം ‘ജൽസ’യിലാണ്. ജനക്, വാത്‌സ എന്നീ വീടുകളിൽ ‘ജനക്’ ഓഫിസായി ഉപയോഗിക്കുന്നു. ബച്ചന്റെ ജിമ്മും ഇവിടെയാണ്. ചെറിയ സ്റ്റുഡിയോ, ചിത്രീകരണ സംവിധാനങ്ങളുമുണ്ട്. നാലാമത്തെ വസതി ഒരു ബാങ്കിന് വാടകയ്ക്കു നൽകിയിരിക്കുകയാണ്. ‘പ്രതീക്ഷ’ ഇപ്പോൾ കുടുംബത്തിന്റെ അതിഥികളായി എത്തുന്നവർക്കുള്ള താമസകേന്ദ്രമാണ്. കോവിഡ് ബാധിച്ചത് അറിഞ്ഞതോടെ നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന്റെ രോഗമുക്തിക്കായി പ്രാര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

follow us: PATHRAM ONLINE

pathram:
Leave a Comment