ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് പീഡനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ജെ സുചിത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ നീക്കം ചെയ്തു. വിഡിയോ നീക്കണമെന്ന് സിബി-സിഐഡി സുചിത്രയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം ചെയ്തത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
‘സിബി-സിഐഡി വിളിച്ച് അരാജകത്വം ഉണ്ടാക്കാനുള്ള ഉദേശ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ അഭിഭാഷകന്റെ ഉപദേശപ്രകാരം വിഡിയോ നീക്കം ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഡിയോയില്‍ പറഞ്ഞതൊന്നും സംഭവിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു’ സുചിത്ര വ്യക്തമാക്കി. രേഖകളില്‍ കൃത്രിമം കാട്ടാന്‍ ശ്രമം നടക്കുന്നതായും മാധ്യമങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സുചിത്ര ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റി ടിഫാഗ്നെ നടപടി അസ്വീകാര്യമാണെന്ന് പറഞ്ഞു. ‘ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ ഭയപ്പെടുത്തുന്നതാണ് ഇത്. നീക്കം ചെയ്യാന്‍ പൊലീസിന് എങ്ങനെ ആവശ്യപ്പെടാം? അത് തെറ്റല്ലെങ്കില്‍ തെളിയിക്കേണ്ടത് അവരുടെ ജോലിയാണ്’ അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ജെ.ജയരാജ് (59), മകന്‍ ബെനിക്‌സ് ഇമ്മാനുവല്‍ (31) എന്നിവരെ ജൂണ്‍ 19 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവില്‍പട്ടി സബ് ജയിലില്‍ ആയിരിക്കെ ഇരുവരും പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരായായി. തുടര്‍ന്ന് ഇരുവരും മരിച്ചു. സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
FOLLOW US pathramonline
Leave a Comment