തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം ബോഡിഗാര്‍ഡുമാരെന്ന പേരില്‍ ഗുണ്ടാസംഘമുണ്ടെന്ന് വിവാഹച്ചടങ്ങിനിടെ സ്വപ്നയുടെ മര്‍ദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തല്‍. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ വിവാഹച്ചടങ്ങിലും റിസപ്ഷനിലും തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നതായും യുവാവ് പറയുന്നു.
ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ദുബായിലുള്ള സുഹൃത്ത് ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ ബന്ധുക്കളോട് പറയുകയും ചെയ്തു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മര്‍ദിച്ചത്. ആദ്യം ഒരു മുറിയില്‍ കയറ്റി മര്‍ദിച്ചു. പിന്നീടാണ് പുറത്ത് പിടിവലിയും കൈയേറ്റവും ഉണ്ടായത്. മര്‍ദനത്തിനൊപ്പം ഒരു പാട് ചീത്തവിളിച്ചു. അമ്മയുടെ കഴുത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു യുവാവ് വിശദീകരിച്ചു.
സംഭവത്തില്‍ അപ്പോള്‍തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍വിളിച്ച് പരാതി പറഞ്ഞു. ഹോട്ടല്‍ അധികൃതരെയും പരാതി അറിയിച്ചു. താന്‍ അവിടെനിന്ന് പോയതിന് ശേഷമാണ് പോലീസ് ഹോട്ടലില്‍ എത്തിയത്. പിന്നീട് സ്വപ്ന ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ടുപോയാല്‍ തനിക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണിയെന്നും യുവാവ് പറഞ്ഞു.
ശിവശങ്കര്‍ റിസപ്ഷന്റെ തുടക്കം മുതല്‍ അവസാനം വരെ സജീവമായുണ്ടായിരുന്നു. ഒരു സിനിമാതാരവും വന്നിരുന്നു. 15 പേരോളം അടങ്ങുന്ന ബോഡിഗാര്‍ഡുമാരാണ് സ്വപ്നയോടൊപ്പം അവിടെ ഉണ്ടായിരുന്നതെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് വിവരങ്ങള്‍.
അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറും താമസിച്ചിരുന്നതായി സുരക്ഷാ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ദിവസവും അര്‍ധരാത്രി ഒരു മണിയോടെയാണ് ശിവശങ്കര്‍ ഫ്‌ളാറ്റില്‍ വന്നിരുന്നതെന്നും അവസാനമായി വന്നത് ജൂലായ് ആറാം തീയതി ആണെന്നും അന്ന് ഏഴ് മണിക്ക് വന്നതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കാറിലാണ് സ്ഥിരം വരാറുള്ളത്. കാര്‍ അകത്തേക്ക് കയറ്റാറില്ല. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയിരുന്നതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇവിടെ ജോലിചെയ്യുന്ന സുരക്ഷാ ജീവനക്കാരന്‍ ഇക്കാലയളവില്‍ ശിവശങ്കറിനൊപ്പം വേറെയാരും ഫ്‌ളാറ്റില്‍ വന്നിട്ടില്ലെന്നും പറഞ്ഞു.
സെക്രട്ടേറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍വെച്ചാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപും സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നതെന്ന് പ്രാഥമിക വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശിവശങ്കര്‍ താമസിച്ചതും ഇതേ ഫ്‌ളാറ്റിലാണെന്ന് കണ്ടെത്തിയത്.
പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദര്‍ ടവറിലെ എഫ് 6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തെ റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ഓഫീസ് മുറി വാടകയ്‌ക്കെടുത്തതും വിവാദമായിരുന്നു.
മുന്‍ ഐടി സെക്രട്ടറിയായ ശിവശങ്കരന്‍ മൂന്ന് വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന.
നിലവില്‍ സരിത്ത് മാത്രമാണ് കേസില്‍ കസ്റ്റംസിന്റെ പിടിയിലുള്ളത്. മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായ ഒളിവിലുള്ള സ്വപ്നയും സന്ദീപും എവിടെയന്നുള്ളതിന് യാതൊരു സൂചനയും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
FOLLOW US: pathram online latest news
Leave a Comment