ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യ ; ലോക്ഡൗണ്‍ കാലത്ത് 150 രൂപയ്ക്ക് ശരീരം വില്‍ക്കേണ്ടിവന്ന പെണ്‍കുട്ടികള്‍

ന്യൂ!ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചു പുറത്തുവന്ന യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. ‘മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാന്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്’ – അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

150 രൂപയ്ക്ക് സ്വയം വില്‍ക്കേണ്ടിവന്നവര്‍

ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍നിന്ന് 700 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ് മനുഷ്യ മനസാക്ഷിയെ നാണിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ലോക്ഡൗണില്‍ പട്ടിണിയായതോടെ ദിവസം തുച്ഛമായ 150 – 200 രൂപ വേതനം കിട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു സ്വയം വില്‍ക്കേണ്ടി വന്ന വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്.

തീര്‍ത്തും ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളോടാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനികളിലെ കരാറുകാരും ഇടനിലക്കാരും ഈ ക്രൂരത കാട്ടിയത്. ലോക്ഡൗണ്‍ വന്നതോടെ കുടുംബം ഒന്നടങ്കം പട്ടിണിയിലായി. എന്നാല്‍ ‘രക്ഷകരായി’ ഖനികളിലെ ഇടപാടുകാര്‍ അവതരിച്ചു. അവരുടെ ആവശ്യം ഒന്നു മാത്രം – പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വഴങ്ങിക്കൊടുക്കണം.

കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഈ പെണ്‍കുട്ടികള്‍ ഇത്തരം ഖനികളില്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അതാണ് കരാറുകാരെ ഈ മനസാക്ഷിയില്ലാത്ത നടപടികള്‍ക്കു പ്രേരിപ്പിച്ചത്. ഖനിയില്‍ പണിയെടുപ്പിക്കുകയും ശരീരം വില്‍ക്കുകയും ചെയ്യേണ്ടി വന്നാലും പൂര്‍ണമായി വേതനം നല്‍കില്ലെന്നും ഈ പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. വഴങ്ങിത്തരില്ലെന്നു പറഞ്ഞാല്‍ ഇനി ഖനിയില്‍ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് അവര്‍ നല്‍കുന്നത്. ചിലര്‍ കുന്നിനു താഴേക്ക് വലിച്ചെറിയുമെന്നും ഭീഷണി മുഴക്കും. പിന്നെ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ഈ പെണ്‍കുട്ടികള്‍ ചോദിക്കുന്നു.

‘ഖനികള്‍ക്കു സമീപമുള്ള കുന്നുകള്‍ക്കു പിന്നിലായി കരാറുകാര്‍ കിടക്കകള്‍ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ടു കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വിസമ്മതിച്ചാല്‍ അവര്‍ മര്‍ദ്ദിക്കും. സഹിക്കുകയല്ലാതെ എന്തുചെയ്യാന്‍ കഴിയും? സങ്കടമുണ്ട്. ചിലപ്പോള്‍ ഓടിപ്പോകണമെന്നും ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ട്.’ – പെണ്‍കുട്ടികളിലൊരാള്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യാ ടുഡെയോടു പറഞ്ഞു.

കുട്ടികള്‍ ചൂഷണത്തിന് വിധേയരാകുന്നതായി കുടുംബത്തിന് അറിയാമെങ്കിലും യാതൊന്നും ചെയ്യാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണവര്‍. 300 – 400 രൂപയാണ് കരാറുകാര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിലപ്പോള്‍ 150, മറ്റുചിലപ്പോള്‍ 200 രൂപ ഒക്കെയേ തരൂ. ‘മൂന്നുമാസമായി പണിയില്ലാതായിട്ട്. ഞങ്ങള്‍ക്കും ജീവിക്കേണ്ടെ? കുടുംബത്തെ പോറ്റാന്‍ എന്തുപണിയും ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്’ – പെണ്‍കുട്ടികളിലൊരാളുടെ അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. അതേസമയം, ചൂഷണത്തെ പേടിച്ച് പല അമ്മമാരും ഇത്തരം ഖനികളില്‍ ജോലി ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ്. പെണ്‍മക്കളെ അയയ്ക്കുന്നതും അവസാനിപ്പിച്ചു.

ചിത്രകൂട്ടില്‍ 50ല്‍പ്പരം കരിങ്കല്‍ ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയില്‍ കോല്‍ ഗോത്രവര്‍ഗക്കാരാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഈ ഖനികളില്‍ ജോലിയെടുക്കുകയല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. യുപിയിലെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മിഷനും വിഷയത്തില്‍ ഇടപെടുന്നുണ്ട്.

follow us pathramonline

pathram:
Leave a Comment