പിടിക്കപ്പെട്ട ഉടനെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു, നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചു, 10 ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനിടെ പിടിക്കപ്പെട്ടതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ്. നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച ഫോണുമായാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേസില്‍, കോണ്‍സുലേറ്റിലെ തന്നെ ഉന്നതരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പിടിയിലായ സരിത്തിന്റെ മൊഴി. ഉന്നത ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി വിനിയോഗിച്ചെന്നും സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തി. കൊച്ചി സ്വദേശിയായ വ്യക്തിക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയത്. ഇയാളെയും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെയും ബന്ധപ്പെടുത്തി കൊടുത്തത് താനാണെന്നും സരിത് കസ്റ്റംസിനോട് സമ്മതിച്ചു. ഈ ഉദ്യോഗസ്ഥന്റെ ലെറ്റര്‍പാഡ് പലപ്പോഴും ഉപയോഗിച്ചെന്നും മൊഴിയുണ്ട്.

യുഎഇയില്‍ നിന്ന് ഫൈസല്‍ എന്നയാളാണ് കൊച്ചിയിലേക്ക് സ്വര്‍ണമടങ്ങുന്ന പാഴ്‌സല്‍ അയക്കുന്നതെന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ യുഎഇയില്‍ നിന്ന് അയക്കുന്നത് സ്വര്‍ണക്കടത്തിന് മറയാക്കാനാണെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട് . ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സരിത് തയാറായിട്ടില്ല. കൊച്ചി തുറമുഖത്ത്, കണ്ടെയ്‌നറില്‍ വന്ന ബാഗേജ് സരിത് ഏറ്റുവാങ്ങിയതായും കസ്റ്റംസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിലും സ്വര്‍ണമുണ്ടായിരുന്നതായാണ് സൂചന.

സരിത് ഇടപെട്ട 10 ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണം നടന്നത് ലോക്ഡൗണ്‍ കാലത്താണ്. എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തി എങ്ങനെ ബാഗേജുകള്‍ സ്വീകരിക്കാനായി എന്നതിന് സരിത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കാര്‍ഗോ വിഭാഗത്തിലെ ആരെങ്കിലും കടത്തിന് ഒത്താശ ചെയ്‌തോ എന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനു ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Follow us: pathram online

pathram:
Leave a Comment