ഉദ്ഘാടനത്തിന് മന്ത്രി: ചതുരംഗപ്പാറയില്‍ തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതിനു പിന്നിലും ഗൂഢനീക്കം

കട്ടപ്പന: ഇടുക്കി രാജാപ്പാറയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന നിശാപാര്‍ട്ടിക്കും ബെല്ലി ഡാന്‍സിനും മുമ്പ് സ്ഥാപനം ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണി. ചതുരംഗപ്പാറയില്‍ തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് പാറമട ലഭിച്ചതിനു പിന്നിലും ഗൂഢനീക്കം. പാറമട ഉള്‍പ്പെടെ നാല് ക്വാറികള്‍ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ദേവികുളം മുന്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

ചതുരംഗപ്പാറയിലെ വിവാദമായ പാറമടയിലെ ക്രമക്കേടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഈ പാറമട ഉള്‍പ്പെടെ ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നാല് പാറമടകള്‍ അനുവദിച്ച അളവില്‍ കൂടുതലായി പൊട്ടിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം ഖനമീറ്ററോളം വരുമത്. ഇതിലൂടെ സര്‍ക്കാരിന് രണ്ടര കോടി മുതല്‍ 10കോടി രൂപവരെ നഷ്ടമുണ്ടായതായും വിലയിരുത്തിയിരുന്നു.

ഈ കണക്കുകള്‍ നിലനില്‍ക്കുമ്പോളാണ് മറ്റൊരു വ്യവസായ ഗ്രൂപ്പിന് പാറമട അനുവദിക്കപ്പെടുന്നത്. അതിന്റെ ഉദ്ഘാടനത്തിന് വൈദ്യുതി മന്ത്രി തന്നെ എത്തുന്നത്. അവിടെ നിശാ പാര്‍ട്ടി കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചാണ് സംഘടിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, മതനേതാക്കള്‍ സിനിമാ പ്രവര്‍ത്തകര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് മാനഡണ്ഡങ്ങള്‍ തെറ്റിച്ചതിന് പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കേസെടുക്കുന്നത്.

പരിപാടിക്കായി ബെല്ലി ഡാന്‍സിന് ഉക്രെയിന്‍ സ്വദേശിയെ എത്തിച്ചത് അഞ്ച് ലക്ഷം രൂപയ്ക്കാണ്. 150 ലിറ്ററോളം മദ്യം ആറു മണിക്കൂറിനിടെ വിളമ്പിയെന്നും രഹസ്യവിവരമുണ്ട്.

നിശാപാര്‍ട്ടിയുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ പോലീസ് കേസെടുത്തിരുന്നു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത 47 പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ജൂണ്‍ 28നാണ് ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപ്പാര്‍ട്ടിയും ബെല്ലിഡാന്‍സും മദ്യസത്കാരവും നടത്തിയത്. തുടര്‍ന്ന് രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ മൂന്നുമണി വരെയായിരുന്നു നിശാപ്പാര്‍ട്ടി.

pathram:
Leave a Comment