തക്കാളി വിലയില്‍ കുതിപ്പ്; ഒരു കിലോ തക്കാളിക്ക് 70 രൂപ

ന്യൂഡല്‍ഹി: ഒരു കിലോ തക്കാളിക്ക് 70 രൂപ! ഒരാഴ്ച മുന്‍പു വരെ കിലോയ്ക്കു 10-15 രൂപയ്ക്കു ചില്ലറ വിപണിയില്‍ ലഭിച്ചിരുന്ന തക്കാളിയ്ക്കാണ് ഇപ്പോള്‍ പൊള്ളുന്ന വില. കാലവര്‍ഷം എത്തിയതാണു വില ഉയരാന്‍ കാരണമെന്നു വിലയിരുത്തുന്നു. കാലവര്‍ഷത്തില്‍ തക്കാളി കൃഷി നശിക്കുന്നതും മൊത്ത കമ്പോളത്തില്‍ ഉല്‍പന്നം എത്താന്‍ വൈകുന്നതുമാണ് വില വര്‍ധനയ്ക്കുള്ള കാരണങ്ങളായി വ്യാപാരികള്‍ നല്‍കുന്ന വിശദീകരണം.

അടുത്തയാഴ്ചയോടെ ഹിമാചല്‍ പ്രദേശില്‍ നിന്നു പുതിയ തക്കാളിയെത്തിയാല്‍ വിലകുറയുമെന്നാണു പ്രതീക്ഷ. ഒരു മാസം മുന്‍പു ആസാദ്പുരില്‍ 1.50 രൂപ മുതല്‍ 4.75 രൂപ വരെയായിരുന്നു ഒരു കിലോ തക്കാളിയുടെ നിരക്ക്. എന്നാല്‍ ജൂലൈ ആദ്യ ആഴ്ച തന്നെ മൊത്തവില കിലോയ്ക്ക് 52 രൂപയായി ഉയര്‍ന്നു. വ്യാഴാഴ്ച ഒരു കിലോ തക്കാളിക്കു ചില്ലറ വില്‍പനക്കാര്‍ 80 രൂപ വരെ ഈടാക്കി.

ഗ്രേറ്റര്‍ നോയിഡയില്‍ 50 രൂപയായിരുന്നു നിരക്ക്. ജൂണ്‍ 3നു ആസാദ്പുര്‍ മാര്‍ക്കറ്റില്‍ 528 ടണ്‍ തക്കാളിയെത്തിയപ്പോള്‍ ജൂലൈ 3നു 281 ടണ്ണായി കുറഞ്ഞു. 50 ശതമാനത്തോളം കുറവാണ് ഒരു മാസം കൊണ്ടുണ്ടായത്. ഡീസല്‍ വിലവര്‍ധനയും പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലേക്കുള്ള തക്കാളി വരവില്‍ 90 ശതമാനവും ഹിമാചലില്‍ നിന്നാണ്. ബാക്കിയുള്ള 10 ശതമാനം മാത്രമാണു ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളത്.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment