ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കമ്പനി തുടങ്ങി; ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി മാനേജര്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ഡേറ്റ മോഷണക്കേസില്‍ ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനിയുടെ മാനേജര്‍ ഉള്‍പ്പെടെ 3 മുന്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുകെയിലെ എച്ച്ആര്‍ കണ്‍സല്‍റ്റന്‍സിയുടെ ഔട്‌സോഴ്‌സിങ് സ്ഥാപനത്തില്‍ മാനേജരായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയ് (30), ജീവനക്കാരായ പറവൂര്‍ കെടാമംഗലം സ്വദേശി എം.ജി. ജയ്ശങ്കര്‍ (28), കോട്ടയം മണര്‍കാട് സ്വദേശി ലിബിന്‍ കുര്യന്‍ (34) എന്നിവരാണ് പിടിയിലായത്.

ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി സമാന സ്ഥാപനം തുടങ്ങിയെന്നാണ് കേസ്. ഇതുമൂലം കമ്പനിക്കു കരാര്‍ ഇല്ലാതായെന്നും കോടികളുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ഇന്‍ഫോ പാര്‍ക്കിലെ കമ്പനിയുടെ നിയന്ത്രണം സിറിളിന് ആയിരുന്നതിനാല്‍ യുകെയിലെ കമ്പനി ഉടമകള്‍ക്കു തട്ടിപ്പു കണ്ടെത്താനായില്ല.

സിറിളിന്റെ പുതിയ കമ്പനിയുമായി യുകെ കമ്പനി കരാറില്‍ ഏര്‍പ്പെട്ടതോടെ ആദ്യ കമ്പനിയില്‍ നിന്നു സിറിള്‍ രാജിവച്ചു. ഇടപാടുകാര്‍ നഷ്ടപ്പെടുന്നതറിഞ്ഞു നടത്തിയ പരിശോധനയിലാണ് ഡേറ്റ മോഷണം കണ്ടെത്തിയത്. ആദ്യം ജോലി ചെയ്ത ഐടി കമ്പനിയുടെ വിവിധ അക്കൗണ്ടുകള്‍ വഴി പല രാജ്യങ്ങളില്‍ നിന്നെത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡേറ്റ സിറിള്‍ തന്റെ ഇ മെയില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചായിരുന്നു തട്ടിപ്പ്.

രണ്ടു വര്‍ഷം കൊണ്ടു ഒരു ലക്ഷത്തോളം പേരുടെ ഡേറ്റ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍. ഇന്‍ഫോപാര്‍ക്ക് പൊലീസ് എസ്‌ഐ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തില്‍ സിറിളിന്റെ പുതിയ സ്ഥാപനത്തില്‍ പരിശോധന നടത്തി. കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു. ജയശങ്കറിന്റെയും ലിബിന്റെയും സഹായത്തോടെയാണു സിറിളിന്റെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.

FOLLOW US: pathram online

pathram:
Leave a Comment