ഗൂഗിള്‍ ക്രോം എക്‌സറ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക…

ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ‘സ്വകാര്യ’വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ ക്രോം നീക്കിയ പശ്ചാത്തലത്തിലാണിതെന്ന് ദ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്ഇന്‍) അറിയിച്ചു.

ഗൂഗിള്‍ ക്രോമിന്റെ വെബ് സ്‌റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാന്‍ ശേഷിയുള്ള കോഡുകള്‍ ഇത്തരം ലിങ്കുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും ക്ലിപ് ബോര്‍ഡ് വായിക്കാനും കീബോഡില്‍ ടൈപ്പ് ചെയ്യുന്ന കീകള്‍ നിരീക്ഷിച്ച് പാസ്‌വേഡുകള്‍ കണ്ടെത്താനും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇവയ്ക്കാവും. തിരച്ചില്‍ മെച്ചപ്പെടുത്താനും വ്യത്യസ്ത രൂപത്തിലുള്ള ഫയലുകള്‍ പരിവര്‍ത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്‌കാനറുകളായുമെല്ലാമാണ് ഇത്തരം എക്സ്റ്റന്‍ഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഐ.ഒ.സി. ചാര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷനുകള്‍ ഉപയോക്താക്കള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സുരക്ഷാ ഏജന്‍സി നിര്‍ദേശിച്ചു.

ക്രോമിന്റെ എക്സ്റ്റന്‍ഷന്‍ പേജ് സന്ദര്‍ശിച്ച് ഡെവലപര്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇത്തരം എക്‌സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്തി നീക്കാം. ആവശ്യമുള്ള എക്‌സ്റ്റഷനുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാവൂവെന്നും ഉപയോഗിച്ചവരുടെ വിലയിരുത്തല്‍ നിരൂപണം നോക്കിയശേഷമേ ഇതു ചെയ്യാവൂ എന്നും ഏജന്‍സി നിര്‍ദേശിച്ചു. ഉറവിടം വ്യക്തമാക്കാത്തവ ഇന്‍സ്റ്റാള്‍ ചെയ്യുകയുമരുത്.

FOLLOW US: pathram online

pathram:
Leave a Comment