ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പും ഇന്ത്യന്‍ സൈന്യം നടത്തുന്നു.
ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ഇന്ന് ലഡാക്കിലെ ചുഷുളില്‍ ചര്‍ച്ചനടത്തും. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തില്‍ നിലയുറപ്പിച്ചത് കണക്കിലെടുത്ത് കരസേന ടി 90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ചത് .
കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ പര്‍വ്വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന് ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിച്ചു.
സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡില്‍ നിന്ന് ഏത് നീക്കവും നേരിടാന്‍ ഇന്ത്യന്‍ സൈന്യവും സര്‍വ്വ സജ്ജമാണ്.
follow us: PATHRAM ONLINE
Leave a Comment