അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല; തീയേറ്ററും പാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തമാസവും തുറക്കില്ല; ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ഓടിത്തുടങ്ങും

അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന സ്ഥാപനങ്ങള്‍ക്ക് ജൂലായ് 15 മുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്ക് പറക്കാം. മെട്രോ തീവണ്ടി സര്‍വീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രകളിലും തുടര്‍ന്നും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം (ആറടി) പാലിക്കുന്നതും തുടരണം. വിവാഹങ്ങള്‍ക്ക് പരമാവധി 50 പേരെയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയും മാത്രമെ അനുവദിക്കൂ. പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാന്‍, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പരമാവധി വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. തെര്‍മല്‍ സ്‌കാനിങ്, കൈകഴുകല്‍ എന്നിവയ്ക്കുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപനങ്ങള്‍ കരുതണം. ജീവനക്കാരുടെ ജോലി സ്ഥലവും പൊതുവായി ഇടപഴകുന്ന സ്ഥലങ്ങളും ഡോര്‍ ഹാന്‍ഡില്‍ അടക്കമുള്ളവയും ഓരോ ഷിഫ്റ്റുകളുടെയും ഇടവേളകളില്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Leave a Comment