തൂത്തുക്കുടി കസ്റ്റഡി മരണം: സിബിഐയ്ക്ക്; ഇരുവര്‍ക്കും നീതി കിട്ടും വരെ പോരാടുമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സാത്തന്‍കുളത്തു പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മരിച്ച കേസിലെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്.

സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതിയുടെ അനുമതിയോടെ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ദേശീയ ശ്രദ്ധയില്‍ എത്തിയതോടെ രണ്ട് എസ്‌ഐമാരുള്‍പ്പെടെ നാലു പൊലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തൂത്തുക്കുടിയിലെ കസ്റ്റഡിമരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇരുവര്‍ക്കും നീതി കിട്ടും വരെ പോരാടണമെന്ന് അണികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി മെഴുകുതിരി കത്തിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

അറസ്റ്റ് ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ പ്രതികള്‍ക്കു നേരെ മോശമായ ഭാഷ പോലും ഉപയോഗിക്കരുതെന്നും അവരെ മര്‍ദിക്കുന്നതു നിയമവിരുദ്ധമാണെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പൊലീസ് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സാമ്പത്തിക സഹായം പ്രഖ്യാപിച്ചതില്‍ മാത്രം നിര്‍ത്തരുതെന്നും മരിച്ചവര്‍ക്കു നീതി കിട്ടുന്നതിനു വിശദമായ അന്വേഷണം നടത്തണമെന്നും സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം സ്ഥാപക പ്രസിഡന്റുമായ കമല്‍ഹാസന്‍ പറഞ്ഞു. കസ്റ്റഡി മരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച തമിഴ് സിനിമാ സംവിധായകന്‍ ജി.ഹരി, തന്റെ ആക്ഷന്‍ സിനിമകളില്‍ പൊലീസിനെ മഹത്വവല്‍കരിച്ചതില്‍ ഖേദിക്കുന്നതായി അഭിപ്രായപ്പെട്ടു.

pathram:
Leave a Comment