ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ;വീണ്ടും പുതിയ തന്ത്രങ്ങളുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കരുത്തുറ്റ നീക്കങ്ങളുമായി ചൈന. മേയ് 22നും ജൂണ്‍ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഗല്‍വാന്‍ നദീതീരത്തെ ചൈനീസ് നിര്‍മാണത്തിന്റെ ശക്തമായ തെളിവാണ് ഉപഗ്രഹ ചിത്രങ്ങള്‍.

ജൂണ്‍ 15ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയ പട്രോള്‍ പോയിന്റ് 14 (പിപി14) എന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് പോയിന്റ് ഉള്‍പ്പെടുന്നതിനു സമീപത്താണു നിര്‍മാണങ്ങള്‍. കമാന്‍ഡിങ് ഓഫിസറായ കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചു. കേണല്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 45 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

ഗല്‍വാന്‍ നദീതീരം ഉള്‍പ്പെടുന്ന ഭാഗം ഇന്ത്യന്‍ പ്രദേശത്താണെന്നു വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേക്കാണു ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖയെ (എല്‍എസി) ഗൂഗിള്‍ എര്‍ത്ത് പ്രോയില്‍ സൂചിപ്പിക്കുന്നത് ഒരു വരയായാണ്, ഇതില്‍ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി 137 മീറ്ററാണെന്നു കാണിക്കുന്നു. എന്നാല്‍ ഇന്ത്യ അംഗീകരിച്ച എല്‍എസി ചൈന അംഗീകരിച്ചിട്ടില്ല. (ഇപ്പോഴത്തെ തര്‍ക്കത്തിന്റെ മൂലകാരണവും ഇതാണ്).

ഇന്ത്യന്‍ സൈന്യം പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് പട്രോളിങ് നടത്താറുണ്ട്. ഇപ്പോള്‍ ചൈന നിര്‍മാണം നടത്തിയിരിക്കുന്ന പ്രദേശം, ഈ മേഖലയെ സംബന്ധിച്ചു നിര്‍ണായകമാണ്. കുറച്ചുദൂരം അകലെയായി ഇന്ത്യയുടെ ഭാഗത്ത് എന്തെല്ലാം സൈനിക നീക്കങ്ങളാണു നടക്കുന്നതെന്നു നോക്കിക്കാണാന്‍ ഇവിടത്തെ നിര്‍മാണം ചൈനയെ പ്രാപ്തരാക്കുന്നു. നദിക്കു കുറുകെ കെട്ടിയ കല്‍മതില്‍ (സംഗാര്‍) ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധമാണെന്നാണു ചിത്രങ്ങളില്‍നിന്നുള്ള സൂചന.

ജൂണ്‍ 26ലെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ഗല്‍വാന്‍ നദിയിലെ വെള്ളത്തില്‍ നിര്‍മാണത്തിന്റെ ചില ഭാഗങ്ങള്‍ മുങ്ങിയതായി തോന്നുന്നു. ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം പ്രദേശത്തു കാണാനുമില്ല. മാക്‌സറില്‍നിന്നും പ്ലാനറ്റ് ലാബ്‌സില്‍നിന്നും ശേഖരിച്ച ചിത്രങ്ങളാണ് എന്‍ഡിടിവി പരിശോധിച്ചത്. മേയ് 22ന് ഇഗ്ലൂ മാതൃകയിലുള്ള കൂടാരമാണ് ഇവിടെ ആദ്യം പണിതത്. 20 ഓളം സൈനികരും ഉണ്ടായിരുന്നു. ഇവര്‍ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നു വ്യക്തമല്ല.

അന്ന് ഇംഗ്ലൂ ഘടനയ്ക്കു ചുറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നുമില്ല. ഇരുവശത്തെയും സൈനികര്‍ ഏറ്റുമുട്ടിയതിന്റെ പിറ്റേ ദിവസത്തെ, ജൂണ്‍ 16ലെ, ചിത്രത്തില്‍ നിര്‍മാണത്തിന്റെയോ സൈനികരുടെയോ അടയാളങ്ങളില്ലാത്ത അവശിഷ്ടങ്ങളാണു കാണുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ചിത്രം നേരത്തെ കണ്ടതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ജൂണ്‍ 22ലെ മാക്‌സറില്‍നിന്നുള്ള ഹൈ റസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍, ഇവിടെ നിരവധി നിര്‍മാണങ്ങള്‍ നടന്നതായി കാണിക്കുന്നു.

പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ പിങ്ക് ടാര്‍പോളിന്‍ കൊണ്ടു മൂടിയതു പോലെയാണ്. ഗല്‍വാന്‍ നദിക്ക് 150 മീറ്റര്‍ അടുത്തായി 50ഓളം സൈനികരെയും കാണാം. നദിയോടു ചേര്‍ന്നുള്ള പാറമുഖത്ത് കുറഞ്ഞത് നാലു പുതിയ ഷെല്‍ട്ടറുകളുമുണ്ട്. അവയൊന്നും ജൂണ്‍ 16 ലെ ചിത്രത്തിലോ മുമ്പോ ഉണ്ടായിരുന്നില്ല. കൂടാരങ്ങളായി കാണപ്പെടുന്ന ഈ ഷെല്‍ട്ടറുകള്‍ പാറയുടെ നിറത്തിലാണു മറച്ചിട്ടുള്ളത്. ജൂണ്‍ 25 മുതല്‍ പ്ലാനറ്റ് ലാബ്‌സില്‍നിന്നുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്.

ചില പിങ്ക് ടാര്‍പോളിനുകള്‍ക്കു പകരം കറുത്ത നിറമുള്ളവ നല്‍കി. പ്രദേശമാകെ ‘വൃത്തിയാക്കിയതായി’ തോന്നും. പാറ കൊണ്ടുള്ള കോട്ടകള്‍ കാണാനാകില്ല. പാറമുഖത്തിനടുത്തുള്ള ഷെല്‍ട്ടറുകളുടെ നിര ഇതിലും ദൃശ്യമാണ്. നദിയുടെ എതിര്‍ കരയില്‍ (ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥാനം) സ്ഥാപിച്ചിരിക്കുന്ന കല്‍മതിലിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മതില്‍ വ്യക്തമായി കാണാനുമാവില്ല.
ഗല്‍വാന്‍ തീരത്തെ തന്ത്രപരമായി പ്രാധാന്യമുള്ള ഇടങ്ങളിലെ ചൈനീസ് സേനാ പ്രവര്‍ത്തനം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയും ചൈന വെല്ലുവിളി ഉയര്‍ത്തുമ്പോഴാണു ചിത്രങ്ങള്‍ പുറത്തുവരുന്നത്. പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ പ്രദേശത്തേക്ക് 8 കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന അവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അതു ഹെലിപാഡ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഫിംഗര്‍ നാലില്‍ തമ്പടിച്ചിരിക്കുന്ന ചൈന പാംഗോങ്ങില്‍നിന്നു പൂര്‍ണമായി പിന്‍മാറാന്‍ മാസങ്ങളെടുത്തേക്കാമെന്നാണു വിലയിരുത്തല്‍. രണ്ടാം മലനിര (ഫിംഗര്‍ 2) വരെ കടന്നുകയറാനും ശ്രമമുണ്ട്. ശക്തമായ പ്രതിരോധം തീര്‍ത്ത് കരസേന, ഐടിബിപി സേനാംഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്

pathram:
Leave a Comment