സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഇടി, തൊഴി; ഭര്‍ത്താവിനെ നാല് വര്‍ഷമായി ക്രൂരമായി മര്‍ദിച്ച് ഭാര്യ (വീഡിയോ)

ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജൂണ്‍ 26 ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ യുവതിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്ത ബിധാന്‍നഗര്‍ സ്വദേശിയായ 33 വയസ്സുകാരനാണ് ഭാര്യയുടെ ക്രൂര മര്‍ദനത്തിനിരയായത്.

കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ നിരന്തരം ഉപദ്രവിക്കുന്നതായാണ് ഇയാളുടെ പരാതി. ജൂണ്‍ അഞ്ചിന് നടന്ന സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വെബ്ക്യാമില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണിത്. ഭര്‍ത്താവിനെ അടിക്കുകയും കുനിച്ച് നിര്‍ത്തി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാത്രമല്ല, കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളും ദൃശ്യത്തിലുണ്ട്.

തന്റെ പ്രായമുള്ള മാതാപിതാക്കള്‍ ബന്ധുവീട്ടില്‍നിന്ന് തന്റെ വീട്ടിലേക്ക് വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് 33 കാരന്റെ മൊഴി. കോവിഡ് വ്യാപനത്തിനിടെ മാതാപിതാക്കള്‍ കൊറോണ വൈറസുമായാണ് വന്നതെന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തുടര്‍ന്ന് മുഖത്തടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. വൈകിട്ട് ജോലി കഴിഞ്ഞെത്തി മാതാപിതാക്കളെ വീട്ടില്‍ കണ്ടതുമുതല്‍ തുടങ്ങിയ ഉപദ്രവം അര്‍ധരാത്രി വരെ നീണ്ടെന്നും ഇയാള്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇനിയും ഭാര്യയുടെ ഉപദ്രവം താങ്ങാന്‍ കഴിയാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഭാര്യയെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്നും 33 വയസ്സുകാരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ജൂണ്‍ ആറിന് പരാതി നല്‍കിയില്ലെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ് ഇയാളെ തിരിച്ചയച്ചു. പരാതി സ്വീകരിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് ജൂണ്‍ 26 ന് വീണ്ടും പരാതി നല്‍കിയത്. ഇതോടൊപ്പം വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായ യുവതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനിങ് പ്രൊഫഷണലാണ് പ്രതിയായ യുവതി.

FOLLOW US: pathram online

pathram:
Related Post
Leave a Comment