മുണ്ടക്കയത്ത് രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ് ; ഞെട്ടിക്കുന്ന പീഡനകഥ പുറത്ത്, മൂന്നു പേര്‍ അറസ്റ്റില്‍

മുണ്ടക്കയം : രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. 2016 മുതല്‍ പീഡനം നടക്കുന്നതായാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ വീടുകളിലും മറ്റുമായി 4 പേര്‍ ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനാണ് മരിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു കുട്ടികള്‍ ആദ്യം പറഞ്ഞത്. മൊഴികളിലെ വൈരുധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം പരിശോധിച്ചപ്പോള്‍ ചില ആണ്‍കുട്ടികളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോള്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ അടക്കം നാലുപേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടികളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. നാലാമത്തെ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്

pathram:
Related Post
Leave a Comment