ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷരീഫാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്

അതേസമയം, കസ്റ്റഡിയിലുള്ള മറ്റു പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെ മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കും. അതിനിടെ, പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്നാണു കാര്‍ കണ്ടെടുത്തത്. ഷംന കേസിനൊപ്പം പ്രതികള്‍ക്കെതിരെ ഏഴു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 2 പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം (26), വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ (60) എന്നിവരാണ് അറസ്റ്റിലായത്. മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അബ്ദുല്‍ സലാമിനെ അറസ്റ്റ് ചെയ്തത്. തൃശൂരിലും മലപ്പുറത്തും അബ്ദുല്‍ സലാമിനെതിരെ വഞ്ചനാ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.

follow us pathramonline

pathram:
Leave a Comment